ന്യൂഡല്‍ഹി: ഈ ലോക്സഭാ തെരഞ്ഞെടുപ്പില്‍ മോഡി സര്‍ക്കാര്‍ വീണ്ടും ഭരണത്തിലേറുകയാണെങ്കില്‍ സമാധാന ചര്‍ച്ചയ്ക്ക് മെച്ചപ്പെട്ട കളമൊരുങ്ങുമെന്ന പാകിസ്താന് പ്രധാനമന്ത്രി ഇമ്രാന് ഖാന്റെ പ്രസ്താവനയ്ക്ക് പിന്നാലെ ബിജെപിയെ പരിഹസിച്ച് ജമ്മുകാശ്മീര്‍ നേതാക്കള്‍.
മോഡി ഭക്തര്‍ ഇപ്പോള്‍ ആശയക്കുഴപ്പത്തിലായിരിക്കുമെന്നാണ് മെഹബൂബ മുഫ്തിയുടെ കമന്റ്. ‘ ഇമ്രാന് ഖാന്റെ നടപടിയെ പ്രശംസിക്കണോ അതോ വേണ്ടയോ എന്നാലോചിച്ച് ഭക്തര്‍ ഇപ്പോള്‍ അവരുടെ തല പുകയ്ക്കുകയാവും’-മെഹബൂബ മുഫ്തി ട്വിറ്ററില്‍ കുറിച്ചു.
അതേസമയം, മോഡിയെ വാഴ്ത്തിയതുപോലെ രാഹുലിന് അനുകൂലമായിട്ടായിരുന്നു ഇമ്രാന് ഖാന് സംസാരിച്ചിരുന്നതെങ്കില്‍ കോണ്‍ഗ്രസിനെതിരെ ഭക്തരുടെ ആക്രമണം ഇതിനകം ഉണ്ടാകുമായിരുന്നില്ലേ എന്നാണ് ഒമര്‍ അബ്ദുള്ളയുടെ ചോദ്യം.
”പ്രധാനമന്ത്രിയായി രാഹുല്‍ വരുമായിരുന്നു എന്നാണ് ഇമ്രാന് ഖാന് പറഞ്ഞിരുന്നെങ്കില്‍ എല്ലാ ചൗക്കിദാറുകളും കൂടി ചേര്‍ന്ന് രാഹുലിനേയും കോണ്‍ഗ്രസിനേയും ഇപ്പോള്‍ എങ്ങനെയെല്ലാം ആക്രമിക്കുമായിരുന്നു ഒമര്‍ അബ്ദുള്ള ട്വീറ്റ് ചെയ്യുന്നു. തെരഞ്ഞെടുപ്പില്‍ ബിജെപി തോല്‍ക്കണമെന്നാണ് പാകിസ്താന് ആഗ്രഹിക്കുന്നതെന്ന് നിരവധി പ്രസംഗങ്ങളില്‍ മോഡി ആവര്‍ത്തിച്ചിരുന്നതും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.
Discussion about this post