കൊച്ചി: ശ്വാസകോശ സംബന്ധമായ രോഗത്തെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന കെഎം മാണിയുടെ ആരോഗ്യസ്ഥിതിയെ കുറിച്ച് സമൂഹമാധ്യമത്തില്‍ പങ്കുവെച്ച് മരുമകള്‍ നിഷ ജോസ്. കുറേ കാലമായി മാണി സിഒപിഡി രോഗിയാണെന്ന് നിഷ പറയുന്നു. ശ്വാസകോശസംബന്ധമായ അസുഖമാണ് സിഒപിഡി.
അടുത്തിടെയായി ചിലസമയങ്ങളില്‍ ശരീരത്തിലെ ഓക്സിജനിന്റെ ലെവല്‍ താഴ്ന്നുപോവുന്ന സാഹചര്യമുള്ളതിനാല്‍ മെഡിക്കേഷനിലാണ് മാണിയെന്ന് നിഷ പറയുന്നു. ഇലക്ഷന് സംബന്ധമായ കാര്യങ്ങള്‍ മാണിയെ ധരിപ്പിക്കുകയും തക്കതായ മാര്‍ഗനിര്‍ദേശങ്ങള്‍ അദ്ദേഹം നല്‍കുകയും ചെയ്യുന്നുണ്ട്. മാണിക്ക് വേണ്ടി എല്ലാവരും പ്രാര്‍ത്ഥിക്കണമെന്നും നിഷ ഫെയ്സ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം.
അച്ചാച്ചന് എന്നും ഒരു പോരാളി ആണ്,ഇനിയും അങ്ങനെതന്നെ ആയിരിക്കും.ഞാനിതെഴുതുന്നത് അച്ചാച്ചന്റെ ആരോഗ്യസ്ഥിതിയെ സംബന്ധിച്ച് കുറെയേറെ ഫോണ്‍കോളുകള്‍ ലഭിക്കുന്നത് കൊണ്ടാണ്.ഈ കരുതലിനും സ്നേഹത്തിനും ഞങ്ങള്‍ നന്ദിപറയുന്നു.
കുറേ കാലമായി അച്ചാച്ചന് ഒരു സിഒപിഡി പേഷ്യന്റാണ്. സിഒപിഡി എന്നത് ശ്വാസകോശസംബന്ധമായ ഒരു അസുഖമാണ്. ഈയിടെയായി ചിലസമയങ്ങളില്‍ ശരീരത്തിലെ ഓക്സിജന്‍ ആഗിരണത്തിന്റെ ലെവല്‍ താഴ്ന്നുപോവുന്ന സാഹചര്യമുള്ളതിനാല്‍ മെഡിക്കേഷനിലാണ് അച്ചാച്ചന്.
ഒരുകാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടത് എന്തെന്നാല്‍ അച്ചാച്ചന് വെന്റിലേറ്റര്‍ സഹായത്തിലല്ല എന്നുള്ളതാണ്. ഇലക്ഷന് സംബന്ധമായ കാര്യങ്ങള്‍ ആച്ചാച്ചനെ ധരിപ്പിക്കുകയും തക്കതായ മാര്‍ഗനിര്‍ദേശങ്ങള്‍ അച്ചാച്ചന് നല്‍കുകയും ചെയ്യുന്നുണ്ട്. അച്ചാച്ചനുവേണ്ടി ദയവായി തുടര്‍ന്നും പ്രാര്‍ത്ഥിക്കുക. കരിങ്ങോഴയ്ക്കല്‍ കുടുംബം നിങ്ങളോരോരുത്തരുടെയും സ്നേഹത്തിനും കരുതലിനും ഒരിക്കല്‍ക്കൂടി നന്ദിപറയുന്നു.
Discussion about this post