കൊച്ചി: കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ പ്രതിയായ ദിലീപ് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കേസ് സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടാണ് ദിലീപ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. നേരത്തേ ദിലീപ് ഇതേ ആവശ്യം ഉന്നയിച്ച് സമര്‍പ്പിച്ച ഹര്‍ജി തള്ളിയിരുന്നു. ഇത് ചോദ്യം ചെയ്താണ് ദിലീപ് വീണ്ടും ഡിവിഷന് ബെഞ്ചില്‍ അപ്പീല്‍ നല്‍കിയിരിക്കുന്നത്.
നടിയെ ആക്രമിച്ച കേസില്‍ തനിക്കെതിരെ അന്വേഷണ സംഘം തെളിവുകള്‍ കെട്ടിച്ചമച്ചതാണെന്നും അത് തെളിയിക്കാന്‍ കേന്ദ്ര ഏജന്‍സിയുടെ അന്വേഷണം വേണമെന്നുമാണ് ദിലീപിന്റെ ആവശ്യം. അതേ സമയം പ്രതിയായ ദിലീപിന് ഏത് ഏജന്‍സി കേസ് അന്വേഷിക്കണമെന്ന് ആവശ്യപ്പെടാന്‍ അവകാശമില്ലെന്നും വിചാരണ വൈകിപ്പിക്കാനുളള ശ്രമത്തിന്റെ ഭാഗമാണ് ഈ ഹര്‍ജിയെന്നുമാണ് സംസ്ഥാന സര്‍ക്കാരിന്റെ നിലപാട്.
അതേസമയം നടിയെ ആക്രമിച്ച കേസിന്റെ രഹസ്യ വിചാരണ നടത്താന്‍ എറണാകുളം പ്രത്യേക സിബിഐ കോടതി തീരുമാനമെടുത്തിരുന്നു. വിചാരണയ്ക്ക് മുന്നോടിയായുള്ള പ്രാഥമിക വാദം അടച്ചിട്ട കോടതിയില്‍ ആരംഭിക്കുകയും ചെയ്തു.
കൊച്ചിയില്‍ നടിയുടെ വണ്ടിയില്‍ അതിക്രമിച്ച് കയറി അശ്ലീല ചിത്രങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ കേസില്‍ വിചാരണയ്ക്ക് മുന്നോടിയായുള്ള പ്രാഥമിക വാദമാണ് എറണാകുളം പ്രത്യേക സിബിഐ കോടതിയില്‍ ആരംഭിച്ചത്. കേസിന്റെ പ്രത്യേക സ്വഭാവം പരിഗണിച്ച് അടച്ചിട്ട മുറിയില്‍ വിചാരണ നടത്താനാണ് കോടതിയുടെ തീരുമാനം. നടി ആവശ്യപ്പെട്ടത് അനുസരിച്ച് വനിതാ ജഡ്ജിയാണ് കേസിന്റെ വിചാരണ നടത്തുന്നത്.
Discussion about this post