കോലഞ്ചേരി: തൊടുപുഴയില്‍ അമ്മയുടെ കാമുകന് ക്രൂരമായി മര്‍ദ്ദിച്ച് മൃതപ്രായനാക്കിയ ഏഴുവയസുകാരന്റെ ആരോഗ്യനില തുടര്‍ച്ചയായ ഏഴാം ദിവസവും അതീവ ഗുരുതരമായി തുടരുന്നു. കുട്ടിയുടെ തലച്ചോറിന്റെ പ്രവര്‍ത്തനം പൂര്‍ണ്ണമായും നിലച്ച നിലയിലാണ്. ഈ അവസ്ഥയില്‍ ഇനി അത്ഭുതങ്ങളൊന്നും പ്രതീക്ഷിക്കേണ്ടെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതുന്നു. എന്നാലും മറ്റ് അവയവങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനാല്‍ കുട്ടിയെ വെന്റിലേറ്ററില്‍ തുടരാന്‍ അനുവദിക്കാനാണ് തീരുമാനം.
കഴിഞ്ഞ ദിവസം അല്‍പ്പസമയം, വെന്റിലേറ്റര്‍ മാറ്റി നോക്കിയെങ്കിലും കുട്ടിക്ക് സ്വയം ശ്വാസം എടുക്കാന്‍ സാധിക്കില്ലെന്ന് കണ്ടതോടെ പുനഃസ്ഥാപിക്കുകയായിരുന്നു. ട്യൂബ് വഴി ദ്രവരൂപത്തിലുള്ള ഭക്ഷണം കൂടുതലായി നല്കാന് ശ്രമിക്കുന്നുണ്ട്. രക്ത സമ്മര്‍ദം മരുന്നുകളുടെ സഹായത്തോടെയാണ് ഇപ്പോള്‍ നിലനിര്‍ത്തുന്നത്.
വെന്റിലേറ്റര്‍ മാറ്റിയാല്‍ കുട്ടിക്ക് അതിജീവിക്കാന്‍ പറ്റാത്ത സാഹചര്യമാണ് നിലവിലുള്ളത്. തലച്ചോറിലേക്കുള്ള രക്തയോട്ടം 90 ശതമാനവും നിലച്ച അവസ്ഥയിലാണ്. എങ്കിലും നിലവിലുള്ള ചികിത്സ തുടരാനാണ് മെഡിക്കല്‍ സംഘത്തിന്റെ നിര്‍ദേശം.
Discussion about this post