സൂറത്ത്: പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ചിത്രം പതിപ്പിച്ച സാരി വിപണിയില്‍ വന്‍തോതില്‍ വിറ്റുപോകുന്നെന്ന വാര്‍ത്തയ്ക്കിടെ ഹിറ്റായി രാഹുല്‍, പ്രിയങ്ക സാരികളും. തെരഞ്ഞെടുപ്പ് ചൂടിനിടെ ജനങ്ങളെ വശത്താക്കാനായാണ് വ്യാപാരികള്‍ രാഷ്ട്രീയ നേതാക്കളുടെ ചിത്രം പ്രിന്റ് ചെയ്ത സാരികളും വസ്ത്രങ്ങളുമായി രംഗത്തെത്തിയത്. ഇതില്‍ ഏറ്റവും ഹിറ്റായത് മോഡി സാരിയായിരുന്നു.
എന്നാല്‍ ഗുജറാത്തിലെ സൂറത്തില്‍ നിന്നുള്ള ഗൗരവ് ശ്രീമാലി എന്ന ഈ വ്യാപാരി തന്ത്രം ഒന്ന് മാറ്റിപ്പിടിച്ച് മോഡി സാരിക്ക് പകരം കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെയും ഐഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെയും ചിത്രം പ്രിന്റ് ചെയ്ത സാരിയുമായി രംഗത്തെത്തിയിരിക്കുകയാണ്.
അടുത്തകാലത്തായി 8000 സാരികളുടെ ഓര്‍ഡറാണ് തനിക്ക് ലഭിച്ചതെന്ന് വ്യാപാരിയായ ഗൗരവ് ശ്രിമാലി പറയുന്നു. 12,000 സാരികളുടെ ഓര്‍ഡറാണ് താനെടുത്തിരുന്നെന്നും, പിന്നീടാണ് 8000 സാരികളുടെ ഓര്‍ഡര്‍ കൂടി പുതിയതായി ലഭിച്ചതെന്നും അദ്ദേഹം പറയുന്നു. തെരഞ്ഞെടുപ്പ് ചൂടുപിടിച്ചതോടെ കൂടുതല്‍ സാരികള്‍ക്ക് ഓര്‍ഡര്‍ ലഭിക്കുമെന്ന് തനിക്ക് ഉറപ്പുണ്ടെന്നും ഗൗരവ് ആത്മവിശ്വാസം പ്രകടിപ്പിച്ചു. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പോസ്റ്ററുകളും ചുമരെഴുത്തുകളുമൊക്കെയുള്ള പഴയ രീതി ഉപേക്ഷിച്ച് ഈ സാരി പോലുള്ള പുത്തന്‍ വഴികള്‍ സ്വീകരിക്കുന്നതാണ് നല്ലതെന്നും ഗൗരവ് പറയുന്നു.
ഗുജറാത്തില്‍ നിന്നും മാത്രമല്ല, ഈ രാഹുല്‍-പ്രിയങ്ക സാരികള്‍ക്കായി മഹാരാഷ്ട്രയില്‍ നിന്നും രാജസ്ഥാനില്‍ നിന്നും ഓര്‍ഡറുമായി ആളുകള്‍ എത്തുന്നുണ്ടെന്നും അദ്ദേഹം പറയുന്നു. ജിഎസ്ടിക്കും നോട്ട് അസാധുവാക്കലിനും ശേഷം വ്യാപാരം മോശമാണെന്നും, എന്നാല്‍ രാഹുലും പ്രിയങ്കയുമൊക്കെ അധികാരത്തിലെത്തിയാല്‍ സ്ഥിതി മെച്ചപ്പെടുമെന്ന് പ്രതീക്ഷയുണ്ടെന്നും ഗൗരവ് എഎന്‍ഐയോട് പറഞ്ഞു. ഈ സാരികളുടെ വില്‍പ്പനയിലൂടെ അടുത്ത മൂന്ന് നാല് മാസത്തെ വ്യാപാരവും മെച്ചത്തിലാകുമെന്നാണ് ഗൗരവ് പറയുന്നത്.
Discussion about this post