കൊല്ലം: ഓച്ചിറയില്‍ നിന്നും മാതാപിതാക്കളെ മര്‍ദ്ദിച്ച് മുഹമ്മദ് റോഷനും സംഘവും തട്ടിക്കൊണ്ടുപോയി മഹാരാഷ്ട്രയിലേക്ക് കടത്തിയ പെണ്‍കുട്ടിയെ ഇന്ന് നാട്ടിലെത്തിക്കും. പ്രതി റോഷനും പെണ്‍കുട്ടിയും മുംബൈയില്‍ നിന്നാണ് പോലീസ് പിടിയിലായത്. ഇരുവരെയും പോലീസ് ചോദ്യം ചെയ്യുകയാണ്. അതേസമയം, സ്വന്തം ഇഷ്ടപ്രകാരമാണ് പെണ്‍കുട്ടി ഇറങ്ങിവന്നതെന്നും പെണ്‍കുട്ടിക്ക് പ്രായപൂര്ത്തായായെന്നുമുള്ള പ്രതി റോഷന് വാദങ്ങള്‍ക്ക് രേഖകള്‍ തിരിച്ചടിയായിരിക്കുകയാണ്. പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ പോലീസിന് മുമ്പാകെ സമര്‍പ്പിച്ച സ്കൂള്‍ രേഖകളില്‍ പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായിട്ടില്ലെന്ന് തെളിയിക്കുന്നു. രേഖപ്രകാരം 17-9-2001നാണ് പെണ്‍കുട്ടി ജനിച്ചിരിക്കുന്നത്. ഈ രേഖയുടെ ആധികാരികതയെ സംബന്ധിച്ച് അന്വേഷണത്തിലാണ് പോലീസ്. പ്രായപൂര്‍ത്തിയായിട്ടില്ലെന്ന് തെളിഞ്ഞാല്‍ റോഷന് കുരുങ്ങും. പോക്സോ നിയമപ്രകാരം കേസ് കൂടുതല്‍ കുരുക്കിലേക്ക് നീങ്ങിയേക്കും.
നേരത്തെ, മാതാപിതാക്കള്‍ പെണ്‍കുട്ടിക്ക് 15 വയസാണ് പ്രായമെന്നാണ് പരാതിയില്‍ അറിയിച്ചിരുന്നത്. ഇത് വലിയ കോലാഹങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ഇതിനിടെ, പെണ്‍കുട്ടിയെ കഴിഞ്ഞദിവസം കണ്ടെത്തിയതോടെ, തട്ടിക്കൊണ്ടു പോയെന്ന കേസില്‍ പെണ്‍കുട്ടിയുടെ പ്രായം നിര്ണായകമായതിനാല് പോലീസ് മാതാപിതാക്കളോട് രേഖകള്‍ ആവശ്യപ്പെടുകയായിരുന്നു.
യുവാവും പെണ്‍കുട്ടിയും ഒരുവര്‍ഷത്തോളമായി ഇഷ്ടത്തിലായിരുന്നെന്നും പെണ്‍കുട്ടിക്ക് മറ്റൊരു വിവാഹം ഉറപ്പിച്ചതോടെ റോഷന്റെ കൂടെ ഇറങ്ങിപ്പോവുകയായിരുന്നെന്നാണ് റോഷനും പെണ്‍കുട്ടിയും പോലീസിനെ അറിയിച്ചിരിക്കുന്നത്. അതുകൊണ്ടു തന്നെ പെണ്‍കുട്ടിയുടെ പ്രായം തെളിയിക്കാന്‍ ശാസ്ത്രീയ പരിശോധനയ്ക്കും പോലീസ് തയ്യാറെടുക്കുന്നുണ്ട്. ഇതിനിടെ, പെണ്‍കുട്ടിയുടെ രക്ഷിതാക്കള്‍ പ്രായം സംബന്ധിച്ച് തെറ്റായ രേഖകളാണ് പോലീസിന് സമര്‍പ്പിച്ചിരിക്കുന്നത് പ്രതി റോഷന്റെ കുടുംബം ആരോപിച്ചു.
കഴിഞ്ഞ 11ാം തീയതിയാണ് കൊല്ലം ഓച്ചിറയില്‍ റോഡരികില്‍ ശില്പ്പങ്ങള് വില്‍പ്പന നടത്തുന്ന രാജസ്ഥാന് സ്വദേശികളായ മാതാപിതാക്കളെ മര്‍ദ്ദിച്ച് റോഷനും സുഹൃത്തുക്കളും പെണ്‍കുട്ടിയെ കടത്തിയത്. എറണാകുളം റെയില്‍വേ സ്റ്റേഷന് വരെ കൂട്ടുപ്രതികള്‍ പെണ്‍കുട്ടിയേയും റോഷനേയും അനുഗമിച്ചിരുന്നു. ഇവിടെ നിന്നും ട്രെയിനില്‍ റോഷനും പെണ്‍കുട്ടിയും മുംബൈയിലേക്ക് കടക്കുകയായിരുന്നു. റോഷന്റെ മൂന്നു സുഹൃത്തുക്കള്‍ നേരത്തെ പോലീസ് കസ്റ്റഡിയിലായിരുന്നു.
Discussion about this post