ന്യൂഡല്‍ഹി: അഭ്യൂഹങ്ങള്‍ക്ക് വിട, ലോക്സഭാ തിരഞ്ഞെടുപ്പില്‍ വരുണ്‍ ഗാന്ധി ബിജെപി സീറ്റില്‍ തന്നെ മത്സരിക്കും. ചൊവ്വാഴ്ച വൈകിട്ട് ബിജെപി പുറത്തുവിട്ട പതിനൊന്നാം സ്ഥാനാര്‍ത്ഥി പട്ടികയിലാണ് വരുണിന്റെ പേരും ഉള്‍പ്പെട്ടത്.
വരുണ്‍ ഗാന്ധി കോണ്‍ഗ്രസിലേക്ക് പോകുമെന്ന അഭ്യൂഹങ്ങള്‍ തള്ളിക്കൊണ്ടാണ് പിലിഭിത്തില്‍ വരുണ്‍ ഗാന്ധിയുടെ പേരുള്‍പ്പെടുന്ന സ്ഥാനാര്‍ത്ഥി പട്ടിക ബിജെപി ഇന്ന് പുറത്തിറക്കിയത്.
കേന്ദ്രമന്ത്രിയും വരുണിന്റെ അമ്മയുമായ മേനകാ ഗാന്ധിയുടെ സിറ്റിങ് സീറ്റാണ് പിലിഭിത്ത്. മേനകാ ഗാന്ധി വരുണിന്റെ മണ്ഡലമായ സുല്‍ത്താന്‍പുരില്‍ മത്സരിക്കും. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ പിലിഭിത്തില്‍ മേനകാ ഗാന്ധിയും സുല്‍ത്താന്‍ പൂരില്‍ വരുണ്‍ ഗാന്ധിയുമാണ് മത്സരിച്ചിരുന്നത്.
ചൊവ്വാഴ്ച ബിജെപിയില്‍ ചേര്‍ന്ന നടി ജയപ്രദ റാംപുരില്‍ നിന്നു ജനവിധി തേടും. സമാജ്വാദി പാര്‍ട്ടി സ്ഥാനാര്‍ത്ഥി അസം ഖാനെതിരെയാണ് ജയപ്രദയുടെ മത്സരം. 2004 ലും 2009 ലും രാംപൂരില്‍ നിന്നുള്ള സമാജ്വാദി പാര്‍ട്ടി എംപിയായിരുന്നു ജയപ്രദ. കേന്ദ്ര റെയില്‍വെ സഹമന്ത്രി മനോജ് സിന്‍ഹ ഗാസിര്പൂരില് നിന്ന് ജനവിധി തേടും. ഉത്തര്‍പ്രദേശ് ബിജെപി അധ്യക്ഷന്‍ മഹേന്ദ്രനാഥ് പാണ്ഡെ ചണ്ടോളിയില്‍ നിന്നാണ് മത്സരിക്കുക.
കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ എത്തിയ റീത്ത ബഹുഗുണ ജോഷി അലഹബാദില്‍ നിന്നും ജനവിധി തേടും. ഉത്തര്‍പ്രദേശിലെ 29 സ്ഥാനാര്‍ത്ഥികളെയും പശ്ചിമ ബംഗാളിലെ 10 സ്ഥാനാര്‍ത്ഥികളെയുമാണ് ബിജെപി ഇന്ന് പ്രഖ്യാപിച്ചത്.
Discussion about this post