ആലപ്പുഴ: നിലപാടുകളില്‍ മലക്കം മറിയുന്നത് പതിവാക്കിയ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് ആലപ്പുഴയില്‍ ആരിഫ് തോറ്റാല്‍ തല മൊട്ടയടിക്കുമെന്ന് പറഞ്ഞത് രസത്തിനെന്ന വാദവുമായി രംഗത്ത്. ഷാനിമോള്‍ ഉസ്മാന് കൊടുത്തത് തോല്‍ക്കുന്ന സീറ്റാണെന്നും വെള്ളാപ്പള്ളി നിലപാട് തിരുത്തി. ഷാനിമോളെ കോണ്‍ഗ്രസ് ചതിക്കുകയായിരുന്നുവെന്നും വെള്ളാപ്പള്ളി ആലപ്പുഴയില്‍ മാധ്യമങ്ങളോട് പറഞ്ഞു. സമുദായ നേതാക്കളുമായി കൂടിക്കാഴ്ച നടത്തുന്നതിന്റെ ഭാഗമായി ആലപ്പുഴയില്‍ എത്തിയ ചാലക്കുടി എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ഇന്നസെന്റ് വെള്ളാപ്പള്ളിയെ സന്ദര്‍ശിച്ചു.
അതേസമയം, തുഷാര്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ തെറ്റില്ലെന്ന മാറ്റിയ നിലപാടില്‍ ഉറച്ചുനിന്ന വെള്ളാപ്പള്ളി മത്സരിക്കുകയാണെങ്കില്‍ എസ്എന്‍ഡിപി യോഗം ഭാരവാഹിത്വം ഒഴിയണമെന്ന തീരുമാനത്തില്‍ മാറ്റമില്ലെന്നും അറിയിച്ചു. എന്‍ഡിഎ മുന്നണിയില്‍ നില്ക്കുമ്പോള് ബിഡിജെഎസ് അധ്യക്ഷന്‍ എന്ന സ്ഥാനം മാത്രം വെച്ച് മത്സരിക്കേണ്ടി വരുമെന്നും വെള്ളാപ്പള്ളി പറഞ്ഞു.
തുഷാര്‍ മല്‍സരിക്കുന്നതില്‍ തനിക്ക് എതിര്‍പ്പില്ലെന്നും, എന്നാല്‍ തുഷാറിനുവേണ്ടി പ്രചാരണത്തിനിറങ്ങാനോ തുഷാറിന് അനുകൂലമായി പരസ്യ പ്രസ്താവനകള്‍ നടത്താനോ താന്‍ ഉണ്ടാവില്ലെന്നും വെള്ളാപ്പള്ളി നടേശന് ബിജെപി നേതാക്കളെ അറിയിച്ചിട്ടുണ്ട്. തൃശ്ശൂര്‍ മണ്ഡലത്തിലാണ് തുഷാര്‍ മത്സരിക്കാന്‍ സാധ്യതയെന്നാണ് റിപ്പോര്‍ട്ടുകള്‍.
Discussion about this post