ദോഹ: ഖത്തറില്‍ ചെറിയ കുട്ടികള്‍ക്കും സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാക്കുന്നു. ഇതുമായി ബന്ധപ്പെട്ട് പൊതുജനങ്ങളില്‍ നടത്തുന്ന ബോധവല്‍ക്കരണ പരിപാടിക്ക് ദോഹയില്‍ തുടക്കം കുറിച്ചു. കുഞ്ഞുങ്ങള്‍ ഉള്‍പ്പെടെ ഉള്ള വാഹനയാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്താണ് പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ പുതിയ തീരുമാനം.
മുന്‍ സീറ്റില്‍ യാത്ര ചെയ്യുന്നവരെ പോലെ തന്നെ പിന്‍സീറ്റ് യാത്രക്കാര്‍ക്കും സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാക്കാനും തീരുമാനമുണ്ട്. ദോഹയില്‍ നടന്ന ചടങ്ങില്‍ ആരോഗ്യ വകുപ്പ് മന്ത്രി ഡോ ഹനാന് അല്‍ കുവാരി ക്യാമ്പയിനിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു.
കുട്ടികളുടെ യാത്രക്കും സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാക്കിക്കൊണ്ടുള്ള റോഡ് നിയമഭേദഗതി ഉടന്‍ പ്രാബല്യത്തില്‍ വരുമെന്ന് മന്ത്രി പറഞ്ഞു. ആഭ്യന്തര മന്ത്രാലയം, ഹമദ് മെഡിക്കല്‍ കോര്പ്പറേഷന്, കോണോകോ ഫിലിപ്സ് ആന്റ് സലേ കമ്പനി തുടങ്ങിയവയുമായി സഹകരിച്ചാണ് പൊതുജനാരോഗ്യ മന്ത്രാലയം ക്യാമ്പയിന് സംഘടിപ്പിക്കുന്നത്.
കുട്ടികളുടെ ജീവിതം സുരക്ഷിതമാക്കേണ്ട ബാധ്യത രക്ഷിതാക്കള്‍ക്കെന്ന പോലെ സമൂഹത്തിനുമുണ്ട്. ഈ സാഹചര്യത്തിലാണ് ബോധവല്‍ക്കരണവുമായി എല്ലാവരും പരമാവധി സഹകരിക്കണമെന്ന് എച്ച്ഐടിസി ഡയറക്ടര്‍ ഡോ ഖാലിദ് അബ്ദുല്‍ നൂര്‍ സൈഫ് അല്‍ ദീന് വ്യക്തമാക്കിയത്.
Discussion about this post