ന്യൂഡല്‍ഹി: ദിവസങ്ങള്‍ നീണ്ട അനിശ്ചിതത്വത്തിനും ആശങ്കകള്‍ക്കുമൊടുവില്‍
ലോക്സഭാ തിരഞ്ഞെടുപ്പിനുളള കോണ്‍ഗ്രസിന്റെ കേരളത്തിലെ സ്ഥാനാര്‍ത്ഥി പട്ടിക
തയ്യാറായിക്കഴിഞ്ഞു. 12 സീറ്റുകളിലേക്ക് സ്ഥാനാര്‍ത്ഥികളുടെ പ്രഖ്യാപനമാണ് ഒടുവിലായത്. ആറ്റിങ്ങല്‍, ആലപ്പുഴ, വയനാട്, വടകര എന്നീ മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെ നാളെ വൈകുന്നേരത്തോടെ മാത്രമേ പ്രഖ്യാപിക്കുകയുള്ളൂ. കെപിസിസി അധ്യക്ഷനും മുല്ലപ്പള്ളി രാമചന്ദ്രനും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും മാധ്യമങ്ങളെ അറിയിച്ചതാണ് ഇക്കാര്യം.
കോണ്‍ഗ്രസിന്റെ സമീപകാല ചരിത്രത്തില്‍ ഇതാദ്യമായാണ് ഒറ്റ ഘട്ടമായി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കാതിരിക്കുന്നത്. വയനാട് സീറ്റിനെ ചൊല്ലി എ, ഐ ഗ്രൂപ്പുകള്‍ തമ്മിലുള്ള കടുത്ത തര്‍ക്കമാണ് പ്രഖ്യാപനം വൈകാന്‍ കാരണം. ഇടത് മുന്നണി ശക്തരായ സ്ഥാനാര്‍ത്ഥികളെ കളത്തില്‍ ഇറക്കിയതോടെയാണ് കോണ്‍ഗ്രസിനും ഗൗരവമായി ചിന്തിക്കേണ്ടി വന്നത്.
മുതിര്‍ന്ന മൂന്ന് നേതാക്കളുടെ പേരില്ലാതെയാണ് തിരഞ്ഞെടുപ്പിലേക്കുളള കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി പട്ടിക ഉമ്മന്‍ ചാണ്ടി, കെസി വേണുഗോപാല്‍, മുല്ലപ്പള്ളി രാമചന്ദ്രന് എന്നീ മുതിര്‍ന്ന നേതാക്കള്‍ ഇത്തവണ മത്സരിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വെളിപ്പെടുത്തിയിരിക്കുകയാണ്.
ആകെയുള്ള 20 ലോക്സഭാ സീറ്റുകളില്‍ 16 സീറ്റുകളിലാണ് കോണ്‍ഗ്രസ് മത്സരിക്കുക. നാല് സീറ്റുകള്‍ ഘടകകക്ഷികള്‍ക്കാണ്. രണ്ട് സീറ്റില്‍ മുസ്ലിം ലീഗ് മത്സരിക്കുമ്പോള്‍ കേരള കോണ്‍ഗ്രസും ആര്‍എസ്പിയും ഓരോ സീറ്റുകളില്‍ മത്സരിക്കും. അതേസമയം, 16 സീറ്റുകളില്‍ 12 സ്ഥാനാര്‍ഥികളെ മാത്രമേ ഇന്ന് പ്രഖ്യാപിക്കുകയുള്ളൂ. ബാക്കിയുള്ള നാല് സീറ്റുകളിലെ സ്ഥാനാര്‍ഥികളെ ഞായറാഴ്ച മാത്രമേ പ്രഖ്യാപിക്കൂ. ഈ സീറ്റുകളില്‍ കൂടുതല്‍ ചര്‍ച്ചകള്‍ ആവശ്യമായി വന്നതിനാലാണ് സ്ഥാനാര്‍ഥി നിര്‍ണയം വൈകുന്നതെന്ന് രമേശ് ചെന്നിത്തലയും മുല്ലപ്പള്ളി രാമചന്ദ്രനും വ്യക്തമാക്കി.
പത്തനംതിട്ടയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി ആന്റോ ആന്റണി, തൃശ്ശൂരില്‍ ടിഎന്‍ പ്രതാപനും പാലക്കാട് വികെ ശ്രീകണ്ഠനും ആലത്തൂരില്‍ രമ്യാ ഹരിദാസും കണ്ണൂരില്‍ കെ സുധാകരന്, എറണാകുളത്ത് ഹൈബി ഈഡന്,മാവേലിക്കരയില്‍ കൊടിക്കുന്നില്‍, കോഴിക്കോട് എംകെ രാഘവന്, തിരുവനന്തപുരത്ത് ശശി തരൂര്‍, ഇടുക്കിയില്‍ ഡീന്‍ കുര്യാക്കോസ്, ചാലക്കുടിയില്‍ ബെന്നി ബഹനാനും കാസര്‍കോഡ് രാജ്മോഹന്‍ ഉണ്ണിത്താന് എന്നിങ്ങനെയാണ് തീരുമാനമായത്.
അതേസമയം, സിറ്റിംഗ് എംവി കെവി തോമസിന് സീറ്റ് നല്‍കിയില്ല. തന്നെ പാര്‍ട്ടി കറിവേപ്പിലയാക്കിയിരിക്കുകയാണെന്ന് കെവി തോമസ് പ്രതികരിച്ചു. അതിനിടെ വടകരയില്‍ പി ജയരാജനെതിരെ ടി സിദ്ധിഖിനെ മത്സരിപ്പിച്ചേക്കുമെന്ന റിപ്പോര്‍ട്ടുകളും പുറത്ത് വരുന്നുണ്ട്. വയനാട് സീറ്റില്‍ സമവായം ഉണ്ടാക്കി ഒത്തുതീര്‍പ്പ് സ്ഥാനാര്‍ത്ഥിയെ നിര്‍ത്താന്‍ കഴിഞ്ഞാല്‍ ഷാനിമോള്‍ ഉസ്മാനെ ആലപ്പുഴയിലും ടി സിദ്ധിഖിനെ വടകരയിലും സ്ഥാനാര്‍ത്ഥികളാക്കാനാണ് പാര്‍ട്ടി നീക്കമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
പട്ടിക ഔദ്യോഗികമായി പുറത്ത് വിടുന്നതിന് മുന്നോടിയായി കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മിറ്റി യോഗം സോണിയ ഗാന്ധിയുടെ വസതിയില്‍ പുരോഗമിക്കുകയാണ്.
Discussion about this post