ഗ്വാളിയോര്‍: അഖില ഭാരതീയ പ്രതിനിധി സഭയുടെ മൂന്നു ദിവസത്തെ ഉച്ചകോടിയില്‍ ഇറക്കിയ പ്രസ്താവനയിലാണ് കേരള സര്‍ക്കാരിനെതിരെ ആര് എസ് എസ് രൂക്ഷ വിമര്‍ശനമുന്നയിച്ചിട്ടുള്ളത്. നേരത്തെ സ്ത്രീകളെ ശബരിമലയില്‍ പ്രവേശിപ്പിക്കണമെന്ന നിലപാടെടുത്തിരുന്ന ആര് എസ് എസ് ഇതിനുള്ള നടപടി സ്വീകരിച്ച കേരള സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനമാണ് പുതിയ പ്രസ്താവനയില്‍ ഉന്നയിച്ചിട്ടുള്ളത്. സ്ത്രീകളെ ശബരിമലയില്‍ പ്രവേശിപ്പിക്കുന്നത് സംബന്ധിച്ച സുപ്രീം കോടതി വിധി നടപ്പാക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ അനാവശ്യ ധൃതി കാണിച്ചുവെന്നും ഹിന്ദു സമുദായത്തിനെതിരെ രാഷ്ട്രീയ ദുഷ്ടലാക്കോടെ പെരുമാറിയെന്നുമാണ് ആര് എസ് എസ് പ്രസ്താവനയില്‍ കുറ്റപ്പെടുത്തുന്നത്.
“നിര്‍ദിഷ്ട സമയപരിധിക്കുള്ളില്‍ സ്ത്രീകളെ ശബരിമലയില്‍ പ്രവേശിപ്പിക്കാന്‍ സുപ്രീം കോടതി സര്‍ക്കാരിനെ നിര്‍ബന്ധിതമാക്കുന്നില്ല. ഈ വിധിയുടെ സൂക്ഷ്മ വശങ്ങള് മനസ്സിലാക്കാതെ അഹിന്ദുക്കളും അവിശ്വാസികളുമായ യുവതികളെ സര്‍ക്കാര്‍ സംവിധാനങ്ങളുപയോഗിച്ച് ശബരിമലയില്‍ പ്രവേശിപ്പിക്കാന്‍ ശ്രമിച്ച് അനാവശ്യ ധൃതി കാണിക്കുകയും ദിന്ദു സമൂഹത്തിനു നേരെ രാഷ്ട്രീയ ദുഷ്ടലാക്കോടെ പെരുമാറുകയുമാണ് സര്‍ക്കാര്‍ ചെയ്തത്”- ആര് എസ് എസ് പ്രസ്താവന കുറ്റപ്പെടുത്തുന്നു. ബന്ധപ്പെട്ട ആചാരങ്ങളോ അതിന്റെ സത്തയോ ബഞ്ചില്‍ ആകെയുള്ള വനിതാ അംഗത്തിന്റെ അഭിപ്രായമോ പോലും കണക്കിലെടുക്കാതെയാണ് സുപ്രീം കോടതി ശബരിമല വിഷയത്തില്‍ വിധി പറഞ്ഞതെന്നും ആര് എസ് എസിന്റെ പ്രസ്താവനയില്‍ കുറ്റപ്പെടുത്തുന്നു.
ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്ത വേളയിലാണ് ശബരിമല വിഷയം ആര് എസ് എസ് വീണ്ടും ചര്‍ച്ചയിലേക്ക് കൊണ്ടു വരുന്നതെന്നത് ശ്രദ്ധേയമാണ്. നേരത്തെ ശബരിമലയിലെ സ്ത്രീപ്രവേശനത്തെ അനുകൂലിച്ചിരുന്ന ആര് എസ് എസ് പുതിയ പ്രസ്താവനയില്‍ സുപ്രീം കോടതി വിധിയെപ്പോലും കുറ്റപ്പെടുത്തുന്നുമുണ്ട്. ആര് എസ് എസിന്റെ ഏറ്റവും ഉയര്‍ന്ന നയരൂപീകരണ വേദിയാണ് അഖില ഭാരതീയ പ്രതിനിധി സഭ. ഇന്ത്യ – പാക് സംഘര്‍ഷത്തിനിടയില്‍ മുങ്ങിപ്പോയിരുന്ന റാഫേല്‍ ഇടപാട് വീണ്ടും പൊങ്ങി വന്നതും കേരളത്തില്‍ അത് ചര്‍ച്ചയാവുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ശബരിമല വിഷയം വീണ്ടും ഉയര്‍ത്താനും ഇടതുമുന്നണിക്കെതിരെ ഉന്നയിക്കാനും ആര് എസ് എസ് തയ്യാറെടുക്കുന്നതെന്നാണ് സൂചന.
Discussion about this post