തിരുവനന്തപുരം: സംസ്ഥാനത്തെ വീണ്ടും കണ്ണീരിലാഴ്ത്തുന്ന കര്‍ഷക ആത്മഹത്യകളുടെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച മോറട്ടോറിയം സംബന്ധിച്ച തീരുമാനം കൈക്കൊള്ളാന്‍ മുഖ്യമന്ത്രി വിളിച്ച ബാങ്കുകളുടെ യോഗം ഇന്ന്. കര്‍ഷകരുടെ ആത്മഹത്യ തടയുന്നത് ലക്ഷ്യംവച്ച് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ക്ക് പിന്തുണ തേടിയാണ് മുഖ്യമന്ത്രി യോഗം വിളിച്ചിരിക്കുന്നത്. കര്‍ഷകര്‍ എടുത്ത കാര്‍ഷിക, കാര്‍ഷികേതര വായ്പകള്‍ക്ക് ഡിസംബര്‍ 31 വരെ പ്രഖ്യാപിച്ച മോറട്ടോറിയം അടക്കമുള്ള സര്‍ക്കാര്‍ നടപടികള്‍ക്ക് ബാങ്കുകളുടെ അംഗീകാരം കൂടി ആവശ്യമാണ്. സംസ്ഥാനതല ബാങ്കേഴ്സ് സമിതിയിലെ പത്തുബാങ്കുകള്‍ യോഗത്തില്‍ പങ്കെടുക്കും.
സംസ്ഥാനതല ബാങ്കേഴ്സ് സമിതിയിലെ ദേശസാല്‍കൃത ബാങ്കുകളുടേയും സൗത്ത് ഇന്ത്യന്‍ ബാങ്ക്, ഫെഡറല്‍ ബാങ്ക്, കേരള ഗ്രാമീണ്‍ ബാങ്ക് എന്നീ ബാങ്കുകളുടേയും ഉന്നത ഉദ്യോഗസ്ഥരാണ് യോഗത്തില്‍ പങ്കെടുക്കുക.
കര്‍ഷകരെടുത്ത മുഴുവന്‍ കാര്‍ഷിക, കാര്‍ഷികേതര വായ്പകള്‍ക്കും ഡിസംബര്‍ 31 വരെ സര്‍ക്കാര്‍ മോറട്ടോറിയം പ്രഖ്യാപിച്ചിരുന്നു. ഇടുക്കി, വയനാട് ജില്ലകളിലെ കര്‍ഷകരുടെ 2018 ഓഗസ്റ്റ് 31 വരെയുള്ള മുഴുവന്‍ വായ്പകളുംകാര്ഷിക കടാശ്വാസകമ്മീഷന്റെ പരിധിയില്‍ കൊണ്ടുവരികയും ചെയ്തു. കേരളത്തിന് പുറത്ത് ആസ്ഥാനമുള്ള ബാങ്കുകള്‍ക്ക് ഇളവുകള്‍ നടപ്പിലാക്കാന്‍ ഹെഡ് ക്വാര്‍ട്ടേഴ്സില്‍ നിന്നുള്ള അനുമതി ആവശ്യമാണ്. സാധാരണഗതിയില്‍ സര്‍ക്കാര്‍ നടപടി ബാങ്കുകള്‍ അംഗീകരിക്കും.
എന്നാല്‍ പ്രളയാനന്തരം വായ്പകള്‍ക്ക് പ്രഖ്യാപിച്ച മോറട്ടോറിയം ലംഘിച്ച് ചില ബാങ്കുകള്‍ പ്രളയബാധിതര്‍ക്ക് ജപ്തിനോട്ടീസ് അയച്ചിരുന്നു. ഇതേത്തുടര്‍ന്ന് ബാങ്കുകള്‍ക്കെതിരെ മുഖ്യമന്ത്രി രൂക്ഷവിമര്‍ശനം നടത്തുകയും ചെയ്തിരുന്നു. രാവിലെ 10ന് മുഖ്യമന്ത്രിയുടെ ഓഫിസിലെ കോണ്‍ഫറന്‍സ് ഹാളിലാണ് യോഗം.
Discussion about this post