വാഷിങ്ടണ്‍: കാലിഫോര്‍ണിയയിലെ സാന്റാ ബാര്‍ബറ കൗണ്ടി ബീച്ചില്‍ കരയ്ക്കടിഞ്ഞ ഭീമന് മത്സ്യത്തെ ചൊല്ലിയുള്ള ദുരൂഹത ഒഴിയുന്നില്ല. കരയ്ക്കടിഞ്ഞ മത്സ്യം ഹുഡ്വിങ്കര്‍ സണ്‍ഫിഷാണെന്ന് തിരിച്ചെറിഞ്ഞെങ്കിലും ഉത്തരം കിട്ടാതെ വലയുകയാണ് ഗവേഷകര്‍.
ദക്ഷിണാര്‍ധഗോളത്തില്‍ മാത്രം കാണപ്പെടുന്ന ഹുഡ്വിങ്കര്‍ സണ്‍ഫിഷ് എങ്ങനെയാണ് അമേരിക്കന്‍ തീരത്ത് എത്തിയെന്നതാണ് ഗവേഷകരെ കുഴപ്പിക്കുന്നത്. 2014-ലാണ് ഇത്തരം മത്സ്യങ്ങളെ ആദ്യമായി കണ്ടെത്തുന്നതെങ്കിലും 2017-ലാണ് ഗവേഷകര്‍ ഇക്കാര്യം ഔദ്യോഗികമായി രേഖപ്പെടുത്തിയത്. ഏറ്റവും കൂടുതല്‍ എല്ലുകളും ഭാരവുമാണ് ഈ മീനിന്റെ പ്രത്യേകത. ഹുഡ്വിങ്കര്‍ സണ്‍ഫിഷിന് പല്ലും വാലും ഇല്ലെന്നാണ് മറ്റൊരു പ്രത്യേകത.
ഓസ്ട്രേലിയന്‍ സ്വദേശിനിയായ മരിയാനെ നയെഡാര്‍ഡ് എന്ന ഗവേഷകയാണ് ആദ്യമായി ഹുഡ്വിങ്കര്‍ സണ്‍ഫിഷിനെ തിരിച്ചറിഞ്ഞത്. സണ്‍ഫിഷ് വിഭാഗത്തില്‍പ്പെട്ട 150 മത്സ്യങ്ങളുടെ ഡിഎന്‍എ പരിശോധിച്ചിരുന്ന മരിയാനെ ഒരു ഡിഎന്‍എ മാത്രം വ്യത്യസ്തമായതും നിലവിലെ സണ്‍ഫിഷുകളുമായി യോജിക്കാത്തതുമാണെന്ന് കണ്ടെത്തി.
ഇതേ തുടര്‍ന്നാണ് ഹുഡ്വിങ്കര്‍ സണ്‍ഫിഷിനെ കണ്ടെത്താനുള്ള ഗവേഷണം ആരംഭിച്ചത്. ഒടുവില്‍ 2014-ല്‍ ന്യൂസിലാന്‍ഡില്‍ ഇത്തരത്തിലുള്ള മത്സ്യം കരയ്ക്കടിഞ്ഞതോടെയാണ് സമുദ്രത്തില്‍ മറഞ്ഞിരുന്ന ഹുഡ്വിങ്കര്‍ മത്സ്യത്തെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തറിയുന്നത്.
Discussion about this post