നിലമ്പൂര്‍: വാട്സ്ആപ്പില്‍ ലഭിച്ച ആഢംബര കാറിന്റെ പരസ്യത്തില്‍ ആകൃഷ്ടരായ അഞ്ചംഗ യുവസംഘത്തെ കാത്തിരുന്നത് അജ്ഞാതരുടെ ക്രൂരത. പരസ്യംകണ്ട് കാര്‍ വാങ്ങാന്‍ ചെന്ന യുവാക്കളെ ഡല്‍ഹിയില്‍ കവര്‍ച്ചാസംഘം തട്ടിക്കൊണ്ടുപോയി കൈവശമുണ്ടായിരുന്ന പണം, എടിഎം കാര്‍ഡുകള്‍, മൊബൈല്‍ ഫോണുകള്‍ എന്നിവ തട്ടിയെടുത്തു. കരുളായി, പാലക്കാട് സ്വദേശികളായ 5 പേരാണ് ക്രൂരതയ്ക്കിരയായത്. കരുളായിയിലെ വാഹന കച്ചവടക്കാരനായ യുവാവിനൊപ്പം സഹോദരനും പാലക്കാട്ടെ 2 വാഹന കച്ചവടക്കാരും പട്ടാളത്തില്‍ ജോലിയുള്ള അയല്‍വാസിയുമാണ് ഡല്‍ഹിയിലേക്കു പോയത്. ഹിന്ദി സംസാരിക്കാനായാണ് ഇവര്‍ പട്ടാളക്കാരനെ കൂടെ കൂട്ടിയത്.
വാട്സാപ്പില്‍ പരസ്യം കണ്ട് വാഹനത്തിന്റെ രേഖകള്‍ പരിശോധിച്ച് ഉറപ്പുവരുത്തിയ ശേഷമാണ് സംഘം പുറപ്പെട്ടതും. ഒരാഴ്ച മുന്‍പ് ഡല്‍ഹിക്ക് സമീപമുള്ള റെയില്‍വേ സ്റ്റേഷനില്‍ ഉച്ചയ്ക്ക് ട്രെയിനിറങ്ങിയ യുവാക്കളെ അവിടെവെച്ച് 15 അംഗ കവര്‍ച്ചാസംഘം പിസ്റ്റള്‍ ചൂണ്ടി തട്ടിക്കൊണ്ടു പോകുകയായിരുന്നു. സന്ധ്യയോടെ രാജസ്ഥാന് അതിര്‍ത്തി ഗ്രാമത്തില്‍ എത്തിച്ചു കൈവശമുണ്ടായിരുന്നതെല്ലാം തട്ടിയെടുത്തു. പിറ്റേന്ന് 5000 രൂപ തിരികെ നല്കി വിജനമായ കടുക് കൃഷിയിടത്തില്‍ കൊണ്ടുപോയി വിട്ടു. അവിടെനിന്ന് മണിക്കൂറുകള്‍ നടന്ന് പോലീസ് എയ്ഡ് പോസ്റ്റില്‍ എത്തിയ സംഘം സഹായം തേടിയെങ്കിലും പരാതിപ്പെടാന്‍ നില്‍ക്കേണ്ട എന്നായിരുന്നു പോലീസിന്റെ മറുപടി.
ഇതിനിടെ, കേരളത്തിലെ ഒരു പോലീസ് ഉദ്യോഗസ്ഥനെ ഫോണില്‍ ബന്ധപ്പെട്ട് വിവരം ധരിപ്പിക്കുകയും അദ്ദേഹത്തിന്റെ നിര്‍ദേശ പ്രകാരം ഇടപെട്ട് ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കുകയുമായിരുന്നു. അതിനാല്‍ എടിഎം വഴി പണം നഷ്ടപ്പെട്ടില്ല. 5 പേരും കഴിഞ്ഞ ദിവസം നാട്ടില്‍ തിരിച്ചെത്തി. എടിഎമ്മിലൂടെ പണം തട്ടിയെടുക്കാന്‍ പലതവണ ശ്രമിച്ചതായി കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ പാലക്കാട് പോലീസ് അന്വേഷണം തുടങ്ങി.
Discussion about this post