കോട്ടയം: കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കൃഷിമന്ത്രി വിഎസ് സുനില്‍ കുമാര്‍. പ്രധാന് മന്ത്രി കിസാന്‍ സമ്മാന്‍ നിധിയുടെ പേരില്‍ ബിജെപി സര്‍ക്കാര്‍ രാഷ്ട്രീയ അല്‍പ്പത്തം കാണിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. കോട്ടയത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.
കേന്ദ്ര സര്‍ക്കാരിന്റെ പദ്ധതിയായ കിസാന്‍ സമ്മാന്‍ നിധിയുടെ ഉദ്ഘാടനം ജില്ലാ ആസ്ഥാനങ്ങളിലും ബ്ലോക്ക് പഞ്ചായത്ത് ആസ്ഥാനത്തുമൊക്കെയായി നടക്കുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു. അതിനിടയില്‍ ഔദ്യോഗിക ഉദ്ഘാടനമെന്ന പേരില്‍ തിരുവനന്തപുരം കഴക്കൂട്ടത്ത് കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം പങ്കെടുക്കുന്ന പരിപാടിയെപ്പറ്റി സംസ്ഥാന സര്‍ക്കാരിന് വിവരം ലഭിച്ചിട്ടില്ലെന്ന് വിഎസ് സുനില്‍ കുമാര്‍ വ്യക്തമാക്കി.
സംസ്ഥാന സര്‍ക്കാര്‍ വഴി നടപ്പാക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം സംസ്ഥാന സര്‍ക്കാര്‍ അറിയാതെ നടത്തുന്നത് ബിജെപിയുടെ രാഷ്ട്രീയ അല്‍പ്പത്തമാണെന്ന് മന്ത്രി കുറ്റപ്പെടുത്തി. സര്‍ക്കാര്‍ പദ്ധതികളെ രാഷ്ട്രീയ വേദികളാക്കാന്‍ ബിജെപി തുനിയുന്നത് തരംതാഴ്ന്ന നടപടിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Discussion about this post