ന്യൂഡല്‍ഹി: പുല്‍വാമ ഭീകരാക്രമണത്തെ തുടര്‍ന്ന് ഇന്ത്യ തിരിച്ചടിക്കുമെന്ന ഭയം പാകിസ്താന് ശക്തമാണ്. കൂടാതെ അന്താരാഷ്ട്ര തലത്തില്‍ പാകിസ്താന് ഒറ്റപ്പെടുന്ന അവസ്ഥയും വരുന്നു. ഈ സാഹചര്യത്തില്‍ സൈനികരുടെ ചികിത്സക്കായി തയ്യാറെടുക്കാന്‍ ആശുപത്രികള്‍ക്ക് പാകിസ്താന് അധികൃതര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നാണ് വിവരം.
വ്യാഴാഴ്ച പാക് പ്രധാനമന്ത്രി ഇമ്രാന് ഖാന്റെ അധ്യക്ഷതയില്‍ സൈനിക രാഷ്ട്രീയ നേതൃത്വങ്ങളുടെ ഉന്നതതല യോഗം ചേര്‍ന്നിരുന്നു. ഇന്ത്യ ഏത് നിമിഷവും തിരിച്ചടിക്കും എന്ന ഭയമാണ് പാകിസ്താന്. ആക്രമണത്തിനോട് കരുതിയിരിക്കാനാണ് സൈന്യത്തിന് പാകിസ്താന് പ്രധാനമന്ത്രി നല്‍കിയിരിക്കുന്ന നിര്‍ദ്ദേശമെന്നാണ് വിവരങ്ങള്‍. ഇന്ത്യയുമായി യുദ്ധമോ സംഘര്‍ഷമോ ഉണ്ടായാല്‍ അത് നേരിടാന്‍ സജ്ജരായിരിക്കാന്‍ പാക് സെന്യത്തിന് നിര്‍ദ്ദേശം ലഭിച്ചിട്ടുണ്ടെന്നാണ് വിവരം
ഇന്ത്യയുമായി യുദ്ധമുണ്ടാവുകയാണെങ്കില്‍ പരിക്കേല്‍ക്കുന്ന സൈനികരെ ചികിത്സിക്കാന്‍ ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കാന്‍ ബലൂചിസ്ഥാനിലെ ക്വറ്റയിലുള്ള ജിലാനി ആശുപത്രിക്ക് സൈനിക നേതൃത്വത്തില്‍ നിന്ന് നിര്‍ദ്ദേശം ലഭിച്ചിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇന്ത്യയുമായി യുദ്ധമുണ്ടാകുന്ന സാഹചര്യം എത്തിയാല്‍ പരിക്കേല്‍ക്കുന്ന സൈനികരെ ബലൂച് പ്രവിശ്യയിലെ സൈനികാശുപത്രിയിലേക്കാകും എത്തിക്കുക എന്നാണ് കരുതുന്നത്. വൈദ്യസഹായം നല്കാന് സ്വകാര്യ ആശുപത്രികളോടും ആവശ്യപ്പെട്ടിട്ടുണ്ട്.
മാത്രമല്ല സംഘങ്ങളായുള്ള കൂടിച്ചേരല്‍ ഒഴിവാക്കാനും ആക്രമണങ്ങളില്‍ നിന്ന് രക്ഷനേടാനായി ബങ്കറുകള്‍ നിര്‍മിക്കാനും രാത്രിയില്‍ അനാവശ്യമായി ലൈറ്റുകള്‍ തെളിയിക്കാതിരിക്കാനും സംശയാസ്പദമായ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധയില്‍ പെട്ടാല്‍ അധികൃതര്‍ക്ക് വിവരം കൈമാറാനും ജനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയതായാണ് ലഭ്യമായ വിവരം.
Discussion about this post