തിരുവനന്തപുരം: ആദിവാസികളെ വനത്തില്‍ നിന്ന് ഒഴിവാക്കണമെന്ന സുപ്രീംകോടതി വിധിക്കെതിരെ സംസ്ഥാനത്തെ ആദിവാസികള്‍ പ്രക്ഷോഭത്തിലേക്ക്. സുപ്രീംകോടതി വിധി പ്രകാരം കേരളത്തിലെ 894 ആദിവാസി കുടുംബങ്ങളെയാണ് വനത്തില്‍ നിന്ന് പുറത്താക്കാന്‍ ഉത്തരവിട്ടിരിക്കുന്നത്. ഇതിനെതിരെയാണ്
ആദിവാസികള്‍ പ്രക്ഷോഭത്തിന് ഒരുങ്ങുന്നത്. അതേ സമയം സുപ്രീംകോടതി വിധിയെ നിയമപരമായി നേരിടുമെന്ന് ആദിവാസി ഗോത്ര മഹാസഭ നേതാവ് സികെ ജാനു പറഞ്ഞു.
വനാവകാശ നിയമത്തിന്റെ പരിരക്ഷ ലഭിക്കാന്‍ അര്‍ഹതയില്ലെന്ന് ചൂണ്ടിക്കാട്ടി അപേക്ഷകള്‍ നിരസിക്കപ്പെട്ട രാജ്യത്തെ പത്തു ലക്ഷം ആദിവാസികളെ വനത്തില്‍ നിന്ന് ഒഴിപ്പിക്കാനാണ് സുപ്രീംകോടതി ഉത്തരവിട്ടത്. സുപ്രീം കോടതി വിധി പ്രകാരം കേരളത്തിലെ 894 ആദിവാസി കുടുംബങ്ങളെയാണ് വനത്തില്‍ നിന്നും ഒഴിപ്പിക്കേണ്ടി വരിക.
2019 ജൂലൈ 27 ന് മുമ്പ് ആദിവാസി കുടുംബങ്ങളെ ഒഴിപ്പിച്ച ശേഷം സംസ്ഥാന സര്‍ക്കാരുകള്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. വനാവകാശ നിയമം ചോദ്യം ചെയ്തുള്ള ഹര്‍ജികളിലാണ് സുപ്രീം കോടതിയുടെ നിര്‍ണായക വിധി. ജഡ്ജിമാരായ അരുണ്‍ മിശ്ര, നവീന്‍ സിന്‍ഹ, ഇന്ദിര ബാനര്‍ജി എന്നിവര്‍ അടങ്ങുന്ന ബെഞ്ചിന്റേതാണ് നടപടി.
സംസ്ഥാനത്ത് 39,999 ആദിവാസി കുടുംബങ്ങളാണ് വനാവകാശ നിയമത്തിന്റെ പരിരക്ഷയ്ക്കായി അപേക്ഷ നല്‍കിയത്. ഈ അപേക്ഷകളില്‍ 894 കുടുംബങ്ങള്‍ക്ക് പരിരക്ഷയ്ക്ക് അര്ഹമില്ലെന്ന് കണ്ടെത്തിയിരുന്നു. അതുകൊണ്ട് അടുത്ത വാദം കേള്‍ക്കുന്നതിന് മുന്‍പായി ഇവരെ വനത്തില്‍ നിന്നും ഒഴിപ്പിക്കണമെന്ന് സുപ്രീം കോടതി ഉത്തരവില്‍ പറയുന്നു. വനാവകാശ പരിരക്ഷയ്ക്ക് അര്‍ഹരല്ലെന്ന് കണ്ടെത്തിയിട്ടും എന്തുകൊണ്ട് ഈ 894 കുടുംബങ്ങളെ യഥാസമയം ഒഴിപ്പിച്ചില്ലെന്ന് ചീഫ് സെക്രട്ടറി വ്യക്തമാക്കണമെന്നും സുപീം കോടതി നിര്‍ദേശിച്ചു.
Discussion about this post