ന്യൂഡല്‍ഹി: വന്ദേഭാരത് എക്സ്പ്രസ് ഉദ്ഘാടനം ചെയ്തതിന്റെ പിറ്റേന്നുതന്നെ തകരാറിലായ സാഹചര്യത്തില്‍ മോഡി സര്‍ക്കാറിന്റെ മെയ്ക്ക് ഇന്‍ ഇന്ത്യ ക്യാപെയ്നിനെ കളിയാക്കി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.
‘മോഡിജി, മെയ്ക്ക് ഇന്‍ ഇന്ത്യയെക്കുറിച്ച് ഗൗരവമായി പുനര്‍വിചിന്തനം നടത്തേണ്ടതുണ്ടെന്നാണ് എനിക്കു തോന്നുന്നത്. മിക്കയാളുകള്‍ക്കും അത് പരാജയമാണെന്നാണ് തോന്നുന്നത്. ഇത് എങ്ങനെ നടപ്പാക്കാമെന്ന് ഞങ്ങള്‍ കോണ്‍ഗ്രസുകാര്‍ വരെ ആഴത്തില്‍ ചിന്തിക്കുകയാണ്.’ എന്നാണ് രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ്.
എന്നാല്‍ ഇന്ത്യന്‍ എഞ്ചിനിയര്‍മാരെയും സാങ്കേതിക വിദഗ്ധരേയും തൊഴിലാളികളേയും അപമാനിക്കുന്നതാണ് രാഹുലിന്റെ പരാമര്‍ശമെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി പിയൂഷ് ഗോയല്‍ കുറ്റപ്പെടുത്തി.
ആദ്യയാത്രയ്ക്കുശേഷം വാരാണസിയില്‍ നിന്നും ഡല്‍ഹിയിലേക്കു മടങ്ങുന്നതിനിടെയാണ് വന്ദേഭാരത് എക്സ്പ്രസ് തകരാറിലായത്. പശുക്കളെ ഇടിച്ച് ബ്രേക്കിങ് സംവിധാനം തകരാറിലാവുകയായിരുന്നു. നാല് കമ്പാര്‍ട്ടുമെന്റുകളിലെ വൈദ്യുതി നിലയ്ക്കുകയും ചെയ്തു. പിന്നീട് ബ്രേക്ക് തകരാര്‍ പരിഹരിച്ച് 10 കിലോമീറ്റര്‍ വേഗതയില്‍ യാത്ര പുനരരാംഭിച്ചെങ്കിലും ട്രെയിനില്‍ നിന്നും രൂക്ഷഗന്ധവും ചെറിയ പുകയുമുണ്ടായി. ഇതേത്തുടര്‍ന്ന് അടുത്ത സ്റ്റേഷനിലെത്തി തകരാര്‍ പരിഹരിച്ചശേഷമായിരുന്നു യാത്ര.
Discussion about this post