ഗുണ്ടൂര്‍: പ്രധാനമന്ത്രി മോഡിയുടെ വ്യക്തിപരമായ കടന്നാക്രമണങ്ങള്‍ക്ക് അതേനാണയത്തില്‍ മറുപടി നല്കി ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയും ടിഡിപി അധ്യക്ഷനുമായ ചന്ദ്രബാബു നായിഡു. തന്നെ ലോകേഷിന്റെ അച്ഛന് എന്ന് വിളിച്ച് അഭിസംബോധ ചെയ്ത മോഡിയെ യശോദ ബെന്നിന്റെ ഭര്‍ത്താവ് എന്ന് വിളിച്ചാണ് നായിഡു തിരിച്ചടിച്ചത്.
ലോകേഷിന്റെ അച്ഛനാണെന്നും ഭുവനേശ്വരിയുടെ ഭര്‍ത്താവാണെന്നും പറയുന്നതില്‍ എനിക്ക് അഭിമാനമേയുള്ളൂ. ഇത് പറയുന്നതില്‍ എനിക്ക് ദേഷ്യം തോന്നുന്നുണ്ട്. പക്ഷെ നിങ്ങളാരാണ് മോഡി. നിങ്ങളൊരു നല്ല ഭര്‍ത്താവ് പോലുമല്ല. നിങ്ങള്‍ യശോദ ബെന്നിനെ വിവാഹം കഴിച്ചു. ഒരു വിവാഹമോചനം പോലുമില്ലാതെ നിങ്ങള്‍ അവരെ ഉപേക്ഷിച്ചു. ഞാന്‍ ഇത്തരത്തില്‍ വ്യക്തിപരമായ കാര്യങ്ങള്‍ പറയണമെന്ന് വിചാരിച്ചതല്ല. പക്ഷെ നിങ്ങള്‍ എന്നെ അത്രയ്ക്ക് വേദനിപ്പിച്ചു. ഇത് നിങ്ങള്‍ പറയിപ്പിച്ചതാണ് ചന്ദ്രബാബു നായിഡു പറഞ്ഞു.
വിജയവാഡയില്‍ ഒരു പൊതുപരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അതേസമയം താന്‍ കുടുംബത്തെ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന ആളാണെന്ന് ചന്ദ്രബാബു കൂട്ടിച്ചേര്‍ത്തു.
ആന്ധ്രയ്ക്ക് പ്രത്യേക പദവി നല്‍കാത്തതില്‍ പ്രതിഷേധിച്ച് കഴിഞ്ഞ വര്‍ഷമാണ് ചന്ദ്രബാബു നായിഡുവിന്റെ ടിഡിപി എന്‍ഡിഎ മുന്നണി വിട്ടത്. ടിഡിപി എന്‍ഡിഎ വിട്ടതിന് ശേഷം ആദ്യമായാണ് മോദഡി ആന്ധ്രപ്രദേശിലെത്തുന്നത്. ബിജെപി വിരുദ്ധ പ്രതിപക്ഷ ഐക്യത്തിന്റെ ശക്തനായ വക്താവായി മാറിയ ചന്ദ്രബാബു നായിഡുവിനെതിരെ മോഡി നേരിട്ട് കടന്നാക്രമണം നടത്തുകയായിരുന്നു.
Discussion about this post