ആറുമാനൂര്‍: സഹോദരസ്നേഹം ഇന്നത്തെ കാലത്ത് വെറും വാക്കില്‍ മാത്രം ഒതുങ്ങുമ്പോള്‍ കാണണം ഈ സഹോദരന്മാരുടെ ത്യാഗം. സ്വന്തം ജീവന് പോലും പണയംവെച്ച് കുഞ്ഞനുജന്റെ ജീവന് രക്ഷിച്ച കഥയാണ് ഇപ്പോള്‍ വൈറലാകുന്നത്.
ആറ്റിലേക്ക് വീണ മൂന്നു വയസ്സുകാരന് അനുജന് നീന്താന്‍ കഴിയാതെ താഴാന്‍ തുടങ്ങിയപ്പോള്‍ രക്ഷകനായത് ഈ ഒമ്പതുവയസ്സുകാരന് ചേട്ടനാണ്. സഹോദരന് സാമുവലിനെ ഒഴുക്കിനെതിരെ നീന്തി ധീരതയോടെ രക്ഷിച്ച ഏറ്റുമാനൂര്‍ എസ്എഫ്എസ് സ്കൂളിലെ മൂന്നാംക്ലാസ് വിദ്യാര്‍ത്ഥി സഖറിയയ്ക്ക് നാടുമുഴുവന്‍ ധീരത അര്‍പ്പിക്കുകയാണ്. അതെ ഇവനാണ് ഞങ്ങളുടെ നാടിന്റെ താരം എന്നാണ് പലരും കുട്ടിയെ കുറിച്ച് പറയുന്നത്.
കൊച്ചിന് ഷിപ്യാര്ഡില് കരാര്‍ ജോലി നോക്കുന്ന ആറുമാനൂര്‍ അരങ്ങത്ത് സോജന്റെയും സര്‍വകലാശാലാ ഉദ്യോഗസ്ഥ മൃദുലയുടെയും മക്കളാണിവര്‍. വീടിനു ചേര്‍ന്ന് ഒഴുകുന്ന മീനച്ചിലാറിന്റെ കടവില്‍ നാട്ടുകാര്‍ക്കൊപ്പവും കുളിക്കാന്‍ പോകുന്ന സ്വഭാവമുണ്ട് മൂന്നുവയസ്സുകാരന് സാമുവലിന്. വല്യച്ഛന് സഖറിയയുടെയും വല്യമ്മ മേരിക്കുട്ടിയുടെയും കണ്ണുവെട്ടിച്ച് കഴിഞ്ഞ ദിവസം സാമുവല്‍ തനിയെ ഇറങ്ങിപ്പോകുകയായിരുന്നു.
സ്കൂള്‍ വിട്ടു വീട്ടിലെത്തിയ സഹോദരങ്ങളായ സഖറിയയും സിറിയക്കും സാമുവലിനെ തിരക്കുമ്പോഴാണു വീട്ടിലില്ലെന്ന് അറിയുന്നത്. സഖറിയ ഉടന്‍ വീടിനു ചേര്‍ന്നുള്ള മൂലേക്കടവിലേക്ക് ഓടി നോക്കി. കുഞ്ഞനിയന് വെളളത്തില്‍ മലര്‍ന്നുകിടന്ന് ആഴത്തിലേക്കു താഴുന്ന കാഴ്ചയാണു സഖറിയ കണ്ടത്.
അതേസമയം സംഭവം കണ്ട മീനച്ചിലാറിന്റെ അക്കരെ നിന്ന ഇതരസംസ്ഥാനത്തൊഴിലാളികള്‍ കൂവി ഒച്ചയിടുന്നുണ്ടായിരുന്നു. ഒട്ടും വൈകാതെ ആറ്റിലേക്ക് എടുത്തുചാടിയ സഖറിയ ഒരു കയ്യില്‍ സാമൂവലിനെ പിടിച്ചുവലിച്ചു കരയിലേക്കു നീന്തി. തുടര്‍ന്ന് നാട്ടുകാര്‍ കുട്ടിയെ എടുത്ത് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.
Discussion about this post