ഓക്ലാന്‍ഡ്: ആദ്യ ട്വന്റി-ട്വന്റിയില്‍ ന്യൂസിലാന്‍ഡ് തകര്‍ത്തടുക്കിയ ഇന്ത്യയ്ക്ക് രണ്ടാം ട്വന്റി-ട്വന്റിയില്‍ ഉയിര്‍ത്തെഴുന്നേല്‍പ്പ്. ന്യൂസിലാന്‍ഡ് ഉയര്‍ത്തിയ 159 റണ്‍സ് വിജയ ലക്ഷ്യം ഏഴ് വിക്കറ്റും ഏഴ് പന്തും ബാക്കി നില്‍ക്കെ ഇന്ത്യ മറികടന്നു. മൂന്ന് വിക്കറ്റ് മാത്രമാണ് ഇന്ത്യ നഷ്ടപ്പെടുത്തിയത്.
ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇന്ത്യ 1-1ന് ന്യൂസിലാന്‍ഡിന് ഒപ്പമെത്തി. ഞായറാഴ്ച്ച നടക്കുന്ന മൂന്നാം മത്സരമാകും പരമ്പര വിജയികളെ തീരുമാനിക്കുക.
ന്യൂസിലാന്‍ഡ് ഉയര്‍ത്തിയ പൊരുതാവുന്ന വിജയലക്ഷ്യത്തിന് മുന്നില്‍ ഓപ്പണര്‍മാര്‍ നല്കിയ മികച്ച തുടക്കമാണ് ഇന്ത്യയ്ക്ക് അടിത്തറ പാകിയത്. ഇന്ത്യയ്ക്കായി ആദ്യ വിക്കറ്റില്‍ രോഹിത്തും ധവാനും ചേര്‍ത്ത് 79 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തി. 29 പന്തില്‍ മൂന്ന് ഫോറും നാല് സിക്സും അടക്കം 50 റണ്‍സ് സ്വന്തമാക്കിയ രോഹിത്തിന്റെ വിക്കറ്റാണ് ഇന്ത്യയ്ക്ക് ആദ്യം നഷ്ടമായത്. തൊട്ട് പിന്നാലെ ടീം സ്കോര്‍ 88ല്‍ നില്‍ക്കെ 30 റണ്‍സുമായി ധവാനും മടങ്ങി.
പിന്നീട് എട്ട് പന്തില്‍ ഒരു ഫോറും ഒരു സിക്സും വീതം നേടി 14 റണ്‍സെടുത്ത വിജയ്ശങ്കറിനെയാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. എന്നാല്‍ കൂടുതല്‍ വിക്കറ്റുകള്‍ പൊഴിക്കാതെ പന്തും ധോണിയും ചേര്‍ന്ന് ഇന്ത്യയെ വിജയതീരത്തെത്തിക്കുകയായിരുന്നു. പന്ത് 28 പന്തില്‍ 40ഉം ധോണി 17 പന്തില്‍ 20ഉം റണ്‍സെടുത്ത് പുറത്താകാതെ നിന്നു
നേരത്തെ ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത കിവീസിനെ മൂന്ന് വിക്കറ്റ് വീഴ്ത്തിയ ക്രുനാല്‍ പാണ്ഡ്യയും രണ്ട് വിക്കറ്റ് വീഴ്ത്തിയ ഖലീല്‍ അഹമ്മദുമാണ് പിടിച്ച് കെട്ടിയത്. നാല് ഓവറില്‍ 28 റണ്‍സ് വഴങ്ങിയാണ് ക്രുനാല്‍ മൂന്ന് വിക്കറ്റ് വീഴ്ത്തിയത്. ഖലീലാകട്ടെ നാല് ഓവറില്‍ 27 റണ്‍സ് മാത്രമാണ് വഴങ്ങിയത്. ഭുവനേശ്വര്‍ കുമാറും ഹാര്‍ദ്ദിക്ക് പാണ്ഡ്യയും ഓരോവിക്കറ്റ് വീതം വീഴ്ത്തി.
Discussion about this post