ബംഗളൂരു: വാഹനാപകടങ്ങളുടെയും ഗതാഗത കുരുക്കിന്റെയും പേരില്‍ കുപ്രസിദ്ധിയാര്‍ജ്ജിച്ച ബംഗളൂരു നഗരത്തിലെ അപകടമരണങ്ങള്‍ തെന്നിന്ത്യയെ തന്നെ ഞെട്ടിക്കുന്നത്. റോഡപകടത്തില്‍ ചെന്നൈക്കും ഡല്‍ഹിക്കും പിന്നില്‍ മൂന്നാം സ്ഥാനത്തുള്ള ബംഗളൂരുവിലെ നിരത്തുകളില്‍ ഓരോ വര്‍ഷവും പൊലിയുന്നത് ശരാശരി 700 ജീവനുകളെന്ന് റിപ്പോര്‍ട്ട്. ബംഗളൂരു നഗരപരിധിയില്‍ ദിവസേന ശരാശരി 15 അപകടങ്ങള്‍ സംഭവിക്കുന്നുണ്ട്.
റോഡുകളുടെ മോശം അവസ്ഥ, റോഡുനിര്‍മ്മാണത്തിലെ പിഴവ് തുടങ്ങിയവയും ഡ്രൈവര്‍മാരുടെ അനാസ്ഥയുമാണ് അപകടങ്ങള്‍ക്ക് കാരണമായി പറയുന്നത്. നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി 93,000 റോഡുകളാണുള്ളത്.
റോഡപകടങ്ങളുടെ കാരണങ്ങളായി വിദ്ഗധര്‍ ചൂണ്ടിക്കാണിക്കുന്നത് ഇക്കാരണങ്ങളാണ്:
*റോഡുകളുടെ മോശം രൂപകല്‍പ്പന.
*വളവുകളിലും മറ്റും ഡ്രൈവര്‍ക്ക് കൃത്യമായി കാണാനാകാത്ത വിധമുള്ള റോഡ് നിര്‍മ്മാണം
*ഇരുചക്രവാഹനങ്ങളുടെ അതിവേഗം.
*അശാസ്ത്രീയമായ ഹംപ് നിര്‍മ്മാണം.
*നഗരത്തില്‍ മാത്രമുള്ളത് 47 അപകടമേഖലകള്‍
വാഹനാപകടങ്ങള്‍ കുറയ്ക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാന്‍ സിറ്റി പോലീസിന് ആഭ്യന്തരമന്ത്രി എം.ബി. പാട്ടീല്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ജനങ്ങളെ ബോധവത്കരിക്കുന്നതിന് വേണ്ടി എല്ലാവര്‍ഷവും പോലീസ് റോഡ് സുരക്ഷാവാരാചരണം സംഘടിപ്പിക്കാറുണ്ട്.
അപകടമേഖലകളില്‍ മാത്രം വര്‍ഷത്തില്‍ ശരാശരി അഞ്ച് വലിയ അപകടങ്ങളുണ്ടാകുന്നുണ്ട്. ഔട്ടര്‍ റിങ് റോഡ്, ഹൊസൂര്‍ റോഡ്, മൈസൂരു റോഡ്, നൈസ് റോഡ് എന്നിവിടങ്ങളിലാണ് കൂടുതല്‍ അപകടമേഖലകളുള്ളത്.
ഹൊസൂര്‍ മെയിന്‍ റോഡ്, വര്‍ത്തൂര്‍ ലേക്ക് റോഡ്, ഔട്ടര്‍ റിങ് റോഡ് (എയര്‍പോര്‍ട്ട് റോഡ്, എച്ച്എസ്ആര്‍ ലേഔട്ട്, ബി നാരായണപുര, രാമമൂര്‍ത്തിനഗര്‍), കോറമംഗല ഇന്നര്‍ റിങ് റോഡ്, ഓള്‍ഡ് എയര്‍പോര്‍ട്ട് റോഡ്, ടങ്ക് ബണ്ട് റോഡ്, ജിടി റോഡ്, മൈസൂരു റോഡ്, ആര്‍എംസി യാര്‍ഡ്, നവയുഗ ടോള്‍, ചൊക്കസാന്ദ്ര ജങ്ഷന്, ചാമരാജ്പേട്ട് തേഡ് മെയിന്‍ റോഡ്, മിനര്‍വ സര്‍ക്കിള്‍, കലാസിപാളയ മെയിന്‍ റോഡ്, ജെപി നഗര്‍ സിക്സ്ത് ഫേസ്, നൈസ് റോഡ്, നാഗെഗൗഡനപാളയ, സോംപുര ലേക്ക്, യോഗേശ്വരനഗര്‍ ക്രോസ്, എംവിഐടി ജങ്ഷന്, ബെട്ടഹലസൂര്‍ ജങ്ഷന്, മീനുകുണ്ടെ, കണ്ണമംഗലപാളയ ഗേറ്റ്, ജക്കൂര്‍ എയ്റോഡ്രം, പാലനഹള്ളി ഗേറ്റ് തുടങ്ങിയവയാണ് അപകടസാധ്യതാ മേഖലയായി ട്രാഫിക് പോലീസ് കണ്ടെത്തിയിട്ടുള്ളത്.
Discussion about this post