കൊല്‍ക്കത്ത: കേന്ദ്രസര്‍ക്കാരും ബംഗാള്‍ സര്‍ക്കാരും തമ്മിലുള്ള രാഷ്ട്രീയ ഭിന്നത പുതിയ തലത്തിലേക്ക്. ശാരദ, റോസ് വാലി ചിട്ടി തട്ടിപ്പു കേസുകളുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യുന്നതിനായി കൊല്‍ക്കത്ത പോലീസ് കമ്മീഷണര്‍ രാജീവ് കുമാറിന്റെ ഓഫീസില്‍ പരിശോധനയ്ക്കെത്തിയ സിബിഐ ഉദ്യോഗസ്ഥരെ പോലീസ് അറസ്റ്റു ചെയ്തു.
രാജീവ് കുമാറിന്റെ ഓഫീസില്‍ പരിശോധനയ്ക്കെത്തിയ അഞ്ചു സിബിഐ ഉദ്യോഗസ്ഥരെയാണ് പോലീസ് അറസ്റ്റു ചെയ്ത്. അതിനിടെ സിബിഐ ജോയിന്റ് ഡയറക്റ്ററുടെ വസതിയിലും കോല്‍ക്കത്ത പോലീസ് നിലയുറപ്പിച്ചിട്ടുണ്ട്. അദ്ദേഹത്തേയും അറസ്റ്റു ചെയ്തേക്കുമെന്ന് സൂചനയുണ്ട്.
കൊല്‍ക്കത്തയില്‍ ഞായറാഴ്ച വൈകുന്നേരമാണ് നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്. ശാരദ, റോസ് വാലി ചിട്ടിത്തട്ടിപ്പ് കേസുകളിലെ അന്വേഷണം അട്ടിമറിച്ചെന്ന പരാതിയില്‍ ചോദ്യം ചെയ്യാനായാണ് രാജീവ് കുമാറിന്റെ ഓഫീസില്‍ 15 അംഗ സിബിഐ ഉദ്യോഗസ്ഥരുടെ അന്വേഷണസംഘം എത്തിയത്. എന്നാല്‍ പോലീസ് കമ്മീഷണറുടെ ഓഫീസിനു പുറത്തുവച്ച് വന്‍ പോലീസ് സംഘം, സിബിഐ ഉദ്യോഗസ്ഥരെ തടഞ്ഞു. തുടര്‍ന്നു ഇവരെ ബലം പ്രയോഗിച്ചു ഷെയ്ക്സ്പിയര്‍ സരാനി പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോവുകയായിരുന്നു.
സിബിഐ ഉദ്യോഗസ്ഥരെ തടഞ്ഞതിന് പിന്നാലെ കമ്മീഷണറുടെ ഔദ്യോഗിക വസതിയിലെത്തിയ മമതാ ബാനര്‍ജി ഇവിടെ വച്ച് മന്ത്രിമാരുമായും മറ്റു തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കളുമായും ചര്‍ച്ച നടത്തിയ ശേഷം കേന്ദ്രസര്‍ക്കാരിന്റെ ഭരണഘടനാ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ സത്യാഗ്രഹസമരം ആരംഭിക്കുന്നതായി അറിയിച്ചു.
സിബിഐ ജോയിന്റ് ഡയറക്ടര്‍ പങ്കജ് ശ്രീവാസ്തവയുടെ വീട് പോലീസ് വളഞ്ഞതായും ഇപ്പോള്‍ വിവരം ലഭിക്കുന്നുണ്ട്. ജോയിന്റ് ഡയറക്ടറെ അറസ്റ്റ് ചെയ്യുന്നത് അര്‍ധസൈനികരെ രംഗത്തിറക്കി തടയാന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമിച്ചാല്‍ ചരിത്രത്തില്‍ ഇതുവരെ ഇല്ലാത്ത രാഷ്ട്രീയ പ്രതിസന്ധിയിലേക്കും ഭരണഘടനാ പ്രതിസന്ധിയിലേക്കുമാവും ബംഗാള്‍ ചെന്നു വീഴുക.
മോഡിസര്‍ക്കാരിനും മമതാ സര്‍ക്കാരിനുമിടയില്‍ കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി കടുത്ത യുദ്ധമാണ് നടക്കുന്നത്. ബിജെപി അധ്യക്ഷന്‍ അമിത് ഷായ്ക്കും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും ബംഗാളില്‍ ഹെലികോപ്ടര്‍ ഇറക്കാനുള്ള അനുമതി പോലും മമതാ സര്‍ക്കാര്‍ നല്‍കിയിരുന്നില്ല. ഇതിനു പിന്നാലെയാണ് സിബിഐ റെയ്ഡും അറസ്റ്റും നടന്നിരിക്കുന്നത്.
Discussion about this post