ബംഗളൂരു; കേരളത്തില്‍ നിന്നും അയല്‍ സംസ്ഥാനമായ കര്‍ണാടകയിലേക്കുള്ള രാത്രി യാത്ര ഇപ്പോള്‍ ഏറെ അപകടം പിടിച്ചതായാണ് ഈ അടുത്തുണ്ടായിട്ടുള്ള സംഭവങ്ങള്‍ സൂചിപ്പിക്കുന്നത്. കൂടുതലും ബംഗളൂരുവില്‍ നിന്നും മൈസൂര്‍ വഴി വരുന്ന കരള രജിസ്ട്രേഷന് വാഹനങ്ങളില്‍ യാത്ര ചെയ്യുന്നവരാണ് ഭയക്കേണ്ടത്.
മുന്‍പ് ഒറ്റപ്പെട്ട ചില സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെങ്കിലും ഇപ്പോഴിതാ പലതവണയായി നിറയെ യാത്രക്കാരുമായി സര്‍വ്വീസ് നടത്തുന്ന കെഎസ്ആര്‍ടിസി (കേരള) ബസ്സുകള്‍ക്ക് നേരെ വരെ അക്രമങ്ങള്‍ നടക്കുകയാണ്.
കുറച്ചു നാള് മുന്‍പ് കെഎസ്ആര്‍ടിസി ബസ് യാത്രക്കാരെ വടിവാള്‍, കത്തി തുടങ്ങിയ ആയുധങ്ങള്‍ കാണിച്ചു ഭീഷണിപ്പെടുത്തി കൊള്ള നടത്തിയിരുന്നു. പിന്നെയും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുകയുണ്ടായി. അതുപോലെ കഴിഞ്ഞ ദിവസം ബംഗളൂരുവില്‍ നിന്നും തലശ്ശേരിയിലേക്ക് പോകുകയായിരുന്ന കെഎസ്ആര്‍ടിസി ബസ് ആക്രമിക്കുവാനുള്ള ശ്രമവും ഉണ്ടായിരിക്കുകയാണ്.
സംഭവത്തിന്റെ വിശദീകരണം ഇങ്ങനെ….
ബംഗളൂരു -മൈസൂര്‍ റൂട്ടിലുള്ള ചന്നപട്ടണ എന്ന സ്ഥലം മുതല്‍ നമ്പര്‍ ഇല്ലാത്ത ഒരു ബൈക്കുമായി ഒരാള്‍ ബസ്സിനെ പിന്തുടര്ന്നു. ശേഷം വിജനമായ ഒരിടത്തു എത്തിയപ്പോള്‍ ഈ ബൈക്ക് ബസ്സിനെ ഓവര്‍ടേക്ക് ചെയ്യുകയും നിര്‍ത്തുവാന്‍ കൈകാണിക്കുകയും ചെയ്യുകയാണുണ്ടായത്. ആ സമയത്ത് മറ്റൊരു ബൈക്കും മാരുതി ഒമ്നി വാനും കൂടെ ഉണ്ടായിരുന്നു. സംഭവത്തില്‍ പന്തികേട് തോന്നിയ കെഎസ്ആര്‍ടിസി ബസ് ഡ്രൈവര്‍ ബസ്സ് നിര്‍ത്താതെ മുന്നോട്ട് പോയി.
എന്നാല്‍ വീണ്ടും ബസ്സിനെ പിന്തുടര്ന്നെത്തിയ ബൈക്കുകാരന് ബസ്സിനെ ഓവര്‍ടേക്ക് ചെയ്തശേഷം ബൈക്ക് കുറുകെയിട്ട് ബസ് തടഞ്ഞു. എന്നാല്‍ ബസ്സിന്റെ ഡോര്‍ തുറക്കുക പോലും ചെയ്യാതെ ഡ്രൈവര്‍ ബൈക്ക് മാറ്റുവാന്‍ അയാളോട് ആവശ്യപ്പെട്ടു. ഇതോടെ കന്നടയില്‍ അസഭ്യവര്‍ഷവുമായി ബസ്സിനു നേര്‍ക്ക് പാഞ്ഞടുത്ത അയാള്‍ ബസ്സില്‍ അടിക്കുകയും ഡ്രൈവറെ കയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്തു.
ഇതിനിടെ ബസ്സിലുണ്ടായിരുന്ന യാത്രക്കാര്‍ ബഹളം വയ്ക്കുകയും തിരിച്ചടിക്കുവാന്‍ തയ്യാറായെങ്കിലും സംഭവത്തിന്റെ ഗൗരവവും ഒളിഞ്ഞിരിക്കുന്ന അപകടവും മനസിലാക്കിയ ബസ്സ് ജീവനക്കാര്‍ അവരെ പിന്തിരിപ്പിക്കുകയായിരുന്നു. യാതൊരു കാരണവശാലും ബസ്സിന്റെ ഡോര്‍ തുറക്കില്ല എന്ന തീരുമാനത്തില്‍ ജീവനക്കാര്‍ ഉറച്ചു നിന്നു.
അവസാനം ഹൈവേ പോലീസ് സ്ഥലത്തെത്തി. പോലീസ് വന്നതോടെ ബൈക്കുകാരന് അയാളുടെ വണ്ടിയില്‍ ബസ്സ് തട്ടി എന്നൊക്കെ പറയുവാന്‍ തുടങ്ങി. എങ്കിലും കാര്യം മനസ്സിലായതു കൊണ്ടാകാം പരാതി നല്‍കുന്നതിനായി ബസ്സ് സ്റ്റേഷനിലേക്ക് എടുക്കുവാന്‍ പോലീസ് പറഞ്ഞു. എന്നാല്‍ ബൈക്കുകാരന്റെ പേരില്‍ പരാതി നല്കുവാന് വേണ്ടി സ്റ്റേഷനില്‍ പോയാല്‍ കൗണ്ടര്‍ കേസ് വരികയും ബസ്സിലെ യാത്രക്കാരുടെ യാത്ര മുടങ്ങുകയും ചെയ്യും എന്നതിനാല്‍ കാര്യം ബസ് ജീവനക്കാര്‍ പോലീസിനെ ബോധിപ്പിച്ചു.
അതോടെ പോലീസ് ബൈക്കുകാരനെ കസ്റ്റഡിയില്‍ എടുക്കുകയും ബസ്സിനെ പോകുവാന്‍ അനുവദിക്കുകയും ചെയ്തു. എന്നാല്‍ പോലീസ് പിടിയിലായ അയാള്‍ വലിയൊരു കൊള്ളസംഘത്തിലെ കണ്ണിയാകാനാണ് സാധ്യത. ഏതെങ്കിലും കാരണവശാല്‍ ബസ്സ് നിര്‍ത്തിച്ച് അകത്തു കയറി കൊള്ളയടിക്കുക എന്നതാണ് ഇവരുടെ ലക്ഷ്യം. എന്തായാലും ഇത്തവണ ജീവനക്കാരുടെ സന്ദര്‍ഭോചിതമായ പ്രവൃത്തി കാരണം അനിഷ്ടസംഭവങ്ങള്‍ ഒന്നുംതന്നെ ഉണ്ടായില്ല.
ബംഗളൂരുവിനും മൈസൂരിനും ഇടയിലുള്ള ചന്നപട്ടണ, മാണ്ട്യ തുടങ്ങിയ ഏരിയകളാണ് രാത്രിയില്‍ ഇത്തരത്തില്‍ അപകടങ്ങള്‍ പതിയിരിക്കുന്നത്. എന്നാല്‍ ഇതിനെതിരെ കര്‍ണാടക പോലീസ് കണ്ണടയ്ക്കുകയാണ് ചെയ്യുന്നത്. ഇനിയും ഇതുപോലുള്ള സംഭവങ്ങള്‍ ഉണ്ടാകുവാന്‍ സാധ്യതയുണ്ട്.
നിരവധി തവണ ഇതിനെക്കുറിച്ച് ബസ്സ് ജീവനക്കാര്‍ പരാതിപ്പെട്ടിട്ടും ഇതുവഴി പോലീസിന്റെ നൈറ്റ് പെട്രോളിംഗ് ശക്തമാക്കുകയോ വാഹനങ്ങള്‍ക്ക് സുരക്ഷ നല്‍കുകയോ ചെയ്തിട്ടില്ല. ഇനിയും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ കേരള സര്‍ക്കാരും, കെഎസ്ആര്‍ടിസിയും നടപടിയെടുത്തേ മതിയാകൂ.
Discussion about this post