അഗര്‍ത്തല: ത്രിപുരയില്‍ ക്രിസ്ത്യാനികള്‍ ഹിന്ദു പരിഷത്തിന്റെ നേതൃത്വത്തില്‍ കൂട്ടത്തോടെ മതം മാറിയതായി റിപ്പോര്‍ട്ട്. 23 ഗോത്രത്തില്‍പ്പെട്ട കുടുംബങ്ങളാണ് മതംമാറിയത്. ജാര്‍ഖണ്ഡ്, ബിഹാര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള തൊഴിലാളികളാണ് ഹിന്ദു മതം സ്വീകരിച്ചത്. എന്നാല്‍ ഇക്കൂട്ടരെ ബലം പ്രയോഗിച്ച് ക്രിസ്ത്യാനികളാക്കി എന്നാണ് വിഎച്ച്പി ആരോപിക്കുന്നത്. ഇപ്പോള്‍ എല്ലാവരും പഴയ മതത്തിലേക്ക് തിരിച്ചുവരികയാണെന്നും വിഎച്ച്പി നേതാക്കള്‍ പറഞ്ഞു.
തേയില തോട്ടത്തിലെ ജോലിക്കാരാണ് മതം മാറിയത്. ഞായറാഴ്ച വൈകീട്ടാണ് 96 പേര് ഹിന്ദു മതം സ്വീകരിച്ചത്. അവരുടെ അഗ്രഹപ്രകാരമാണ് ക്രിസ്തു മതം ഒഴിവാക്കിയതും ഹിന്ദുമതം സ്വീകരിച്ചതുമെന്ന് വിഎച്ച്പി നേതാക്കള്‍ പറഞ്ഞു.
വിദ്യാഭ്യാസമില്ലായ്മയും ദാരിദ്ര്യവും മുതലെടുത്ത് ചിലര്‍ ഇവരെ ക്രിസ്ത്യാനികളാക്കുകയായിരുന്നുവെന്ന് ഹിന്ദു ജാഗരണ്‍ മോര്‍ച്ച അവകാശപ്പെടുന്നു. ഗോത്രമേഖലയില്‍ ഇത്തരത്തില്‍ ഒട്ടേറെ പേരെ ക്രിസ്ത്യാനികളാക്കിയിട്ടുണ്ടെന്നും അവര്‍ പറഞ്ഞു.
കൂട്ട മതംമാറ്റമാണ് വലിയ വെല്ലുവിളിയെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ് കഴിഞ്ഞാഴ്ച പറഞ്ഞിരുന്നു. ക്രിസ്ത്യന്‍ സംഘടന സംഘടിപ്പിച്ച പരിപാടിയിലാണ് മന്ത്രി ഇങ്ങനെ പറഞ്ഞത്. വിഷയത്തില്‍ ചര്‍ച്ചയ്ക്ക് തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post