തിരുവനന്തപുരം: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ കേസ് അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നുവെന്ന് കാണിച്ച് മുഖ്യമന്ത്രിക്ക് കുറവിലങ്ങാട്ടെ കന്യാസ്ത്രീകള്‍ കത്തു നല്കി. സാക്ഷികളായ തങ്ങള്‍ക്ക് നിരന്തരം ഭീഷണി നേരിടേണ്ടി വരുന്നെന്നാണ് കത്തില്‍ കന്യാസ്ത്രീകള്‍ ആരോപിക്കുന്നത്.
തങ്ങളെ നാലിടങ്ങളിലേക്ക് സ്ഥലംമാറ്റിയത് ബിഷപ്പിനെതിരായ ബലാത്സംഗക്കേസ് അട്ടിമറിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നും കന്യാസ്ത്രീകള്‍ കത്തില്‍ ചൂണ്ടിക്കാട്ടുന്നു.
സിസ്റ്റര്‍ അനുപമ, ജോസഫൈന്, ആന്‍സിറ്റ, ആല്‍ഫി എന്നീ കന്യാസ്ത്രീകളാണ് ബിഷപ്പ് ഫ്രാങ്കോയ്ക്കെതിരെ നടപടി ആവശ്യപ്പെട്ട് സമരം ചെയ്തത്. കഴിഞ്ഞയാഴ്ച കന്യാസ്ത്രീകളെ സ്ഥലംമാറ്റുന്നതായി കാണിച്ച് മിഷണറിസ് ഓഫ് ജീസസ് മദര്‍ സുപ്പീരിയര്‍ ജനറല്‍ സിസ്റ്റര്‍ റെഗിന കടംതോട് ഉത്തരവ് ഇറക്കിയിരുന്നു.
തങ്ങള്‍ക്കെതിരായ പ്രതികാര നടപടിയാണിതെന്നാണ് കന്യാസ്ത്രീകള്‍ ആരോപിച്ചത്. സ്ഥലംമാറ്റ ഉത്തരവിനെ അംഗീകരിക്കില്ലെന്നു പറഞ്ഞ കന്യാസ്ത്രീകള്‍ കുറവിലങ്ങാട് മഠത്തില്‍ ഇരയായ കന്യാസ്ത്രീയ്ക്കൊപ്പം തുടരുമെന്നും വ്യക്തമാക്കിയിരുന്നു.
Discussion about this post