മെല്‍ബണ്‍:ഓസ്ട്രേലിയന്‍ മണ്ണില്‍ ചരിത്രം കുറിച്ച് ഇന്ത്യ. ആദ്യമായി ഓസ്ട്രേലിയയില്‍ ടെസ്റ്റ് സീരീസ് സ്വന്തമാക്കിയ ഇന്ത്യ മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയും സ്വന്തമാക്കി. അവസാന ഏകദിനത്തില്‍ ഓസീസിനെ ഏഴ് വിക്കറ്റിന് തകര്‍ത്താണ് ഇന്ത്യ ചരിത്രത്താളുകളില്‍ ഇടംപിടിച്ചത്. മുന്നായകന് കൂടിയായ ധോണിയാണ് മാന്‍ ഓഫ് ദ സീരീസ്.
ആവേശകരമായ മത്സരത്തില്‍ എംഎസ് ധോണിയുടെയും കേദാര്‍ ജാദവിന്റെയും മികച്ചപ്രടനമാണ് ഇന്ത്യയ്ക്ക് വിജയം സമ്മാനിച്ചത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനിറങ്ങിയ ഓസ്ട്രേലിയ പടുത്തുയര്‍ത്തിയ 231 റണ്‍സെന്ന വിജയലക്ഷ്യം അവസാന ഓവര്‍ വരെ നീണ്ടു നിന്ന ആവേശകരമായ പോരാട്ടം കാഴ്ചവെച്ചാണ് ഇന്ത്യ മറികടന്നത്. നാലു പന്ത് ബാക്കി നില്‍ക്കെ കേദാര്‍ ജാദവ് അടിച്ചകറ്റിയ ഫോറിലാണ് ഇന്ത്യ വിജയം തൊട്ടത്. രോഹിത് ശര്‍മ (9), ശിഖര്‍ ധവാന് (23), 62 പന്തില്‍ നിന്ന് 46 റണ്‍സെടുത്ത ക്യാപ്റ്റന്‍ വിരാട് കോഹ്ലി എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യയ്ക്ക് നഷ്ടമായത്.
ബാറ്റിങ് ദുഷ്കരമായ പിച്ചില്‍ അതീവശ്രദ്ധയോടെ ബാറ്റേന്തിയ ധോണി 114 പന്തുകള്‍ നേരിട്ട് ആറു ബൗണ്ടറികളടക്കം 87 റണ്‍സുമായി ഇന്ത്യയുടെ നെടും തൂണാവുകയായിരുന്നു. കൂട്ടായി 57 പന്തില്‍ 61 റണ്‍സെടുത്ത കേദാര്‍ ജാദവും ധോണിക്കൊപ്പം ഉറച്ചു നില്‍ക്കുകയായിരുന്നു. മൂന്നാം വിക്കറ്റില്‍ നായകന് കോഹ്ലിക്കൊപ്പം ചേര്‍ന്ന് അര്‍ധസെഞ്ച്വറി കൂട്ടുകെട്ട് ഉണ്ടാക്കിയ ധോണി, ഇന്ത്യന്‍ ഇന്നിങ്സിന് ശക്തമായ അടിത്തറ പാകുകയായിരുന്നു. ശേഷം നാലാം വിക്കറ്റ് കൂട്ടുകെട്ടില്‍ ജാദവിനൊപ്പം ചേര്‍ന്ന് സെഞ്ച്വറി(121) കൂട്ടുകെട്ടാണ് തീര്‍ത്തത്. രോഹിത് ശര്‍മ്മയെ തുടക്കത്തില്‍ തന്നെ നഷ്ടപ്പെട്ട ഇന്ത്യ മൂന്നാം വിക്കറ്റ് കൂട്ട്കെട്ടിലാണ് മത്സരത്തിലേക്ക് തിരിച്ചു വന്നത്.
നേരത്തെ, ബാറ്റിങിനിറങ്ങിയ ഓസ്ട്രേലിയയെ ആറു വിക്കറ്റ് വീഴ്ത്തിയ യൂസ്വേന്ദ്ര ചാഹലിന്റെ പ്രകടനമാണ് തകര്‍ത്തെറിഞ്ഞത്. 10 ഓവറില്‍ 42 റണ്‍സ് വിട്ടുകൊടുത്താണ് ചാഹല്‍ ആറു വിക്കറ്റെടുത്തത്. ഇതോടെ ഏകദിനത്തില്‍ അഞ്ചു വിക്കറ്റ് നേട്ടം രണ്ടാം തവണയും സ്വന്തമാക്കാനും ചാഹലിനായി.
ഉസ്മാന് ഖ്വാജ (34), ഷോണ്‍ മാര്‍ഷ് (39), പീറ്റര്‍ ഹാന്‍ഡ്സ്കോമ്പ് (58), മാര്‍ക്കസ് സ്റ്റോയിനിസ് (10), റിച്ചാഡ്സണ് (16), ആദം സാംപ (8) എന്നിവരെയാണ് ചാഹല്‍ എറിഞ്ഞിട്ടത്. മെല്‍ബണില്‍ ഒരു ഇന്ത്യന്‍ ബൗളറുടെ മികച്ച പ്രകടനത്തില്‍ അജിത്ത് അഗാര്‍ക്കറിനൊപ്പം ചാഹലും സ്ഥാനം പിടിച്ചു.
തുടക്കത്തില്‍ തന്നെ ആതിഥേയരുടെ ഓപ്പണര്‍മാരെ മടക്കില ഭുവനേശ്വര്‍ കുമാറാണ് ഇന്ത്യയ്ക്ക് മികച്ച തുടക്കം നല്‍കിയത്. സ്കോര്‍ എട്ടിലെത്തിയപ്പോള്‍ അഞ്ചു റണ്‍സെടുത്ത അലക്സ് കാരിയെ ഭുവനേശ്വര്‍ കോഹ്ലിയുടെ കൈകളിലെത്തിച്ചു. പിന്നാലെ ക്യാപ്റ്റന്‍ ഫിഞ്ചിനെയും (14) ഭുവി മടക്കി.
എറിഞ്ഞ ആദ്യ ഓവറില്‍ തന്നെ യുസ്വേന്ദ്ര ചാഹല്‍ രണ്ടു വിക്കറ്റുകള്‍ വീഴ്ത്തിയിരുന്നു. നിലയുറപ്പിച്ച ഉസ്മാന് ഖ്വാജയെയും ഷോണ്‍ മാര്‍ഷിനെയുമാണ് ആദ്യ ഓവറില്‍ തന്നെ ചാഹല്‍ പുറത്താക്കിയത്. ഷോണ്‍ മാര്‍ഷിനെ ധോണി സ്റ്റമ്പ് ചെയ്തും ഒരു പന്തിന്റെ ഗ്യാപ്പില്‍ ഖ്വാജയെ സ്വന്തം പന്തില്‍ ക്യാച്ചെടുത്തുമാണ് ചാഹല്‍ പുറത്താക്കിയത്. പിന്നാലെ മാര്‍ക്കസ് സ്റ്റോയ്നിസിനെ ചാഹല്‍, രോഹിത്തിന്റെ കൈകളിലെത്തിച്ചു. ഇന്ത്യയ്ക്കായി മുഹമ്മദ് ഷമിയും രണ്ടു വിക്കറ്റ് വീഴ്ത്തി.
Discussion about this post