വയനാട്: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ ചരിത്രം തിരുത്തി സെമിയില്‍ പ്രവേശിച്ച് കേരളം. സ്വന്തം മണ്ണില്‍ നടന്ന മത്സരത്തില്‍ ഗുജറാത്തിനെ തോല്‍പ്പിച്ചാണ് ആദ്യമായി കേരളം സെമിഫൈനലിലേക്ക് മാര്‍ച്ച് ചെയ്തത്. ക്വാര്‍ട്ടറില്‍ ഗുജറാത്തിനെ 113 റണ്‍സിനാണ് തകര്‍ത്തത്.
രണ്ടാം ഇന്നിങ്സില്‍ പാര്‍ത്ഥിവ് പട്ടേലിന്റെ ഗുജറാത്ത് 81 റണ്‍സിന് പുറത്തായതോടെയാണ് കേരളം മറ്റൊരു നാഴികക്കല്ല് കൂടി പിന്നിട്ടത്.
ബേസില്‍ തമ്പിയുടെയും സന്ദീപ് വാരിയരുടെയും നിധീഷിന്റെയും മികച്ച പ്രകടനം കേരളത്തിന് മുതല്‍ക്കൂട്ടായി. ബേസിലും സച്ചിനും നിധീഷും ചേര്‍ന്നാണ് രണ്ടാം ഇന്നിങ്സിലെ 10 വിക്കറ്റുകളും വീഴ്ത്തിയത്. ചെറിയ റണ്‍ നിരക്കില്‍ ഗുജറാത്തിനെ എറിഞ്ഞിട്ട പേസര്‍ തന്നെയാണ് കേരളത്തിന് തകര്‍പ്പന്‍ ജയം സമ്മാനിച്ചത്. നേരത്തെ ആദ്യം ബാറ്റ് ചെയ്ത് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 185 റണ്‍സ് മാത്രം എടുത്ത കേരളം തോല്‍വി മണത്തിരുന്നു. എന്നാല്‍ പേസര്‍മാരുടെ മികവില്‍ ഗുജറാത്തിനെ 162 റണ്‍സിന് കേരളം എറിഞ്ഞിടുകയായിരുന്നു. 23 റണ്‍സിന്റെ ലീഡുമായി പിന്നോടങ്ങോട്ട് കേരളത്തിന്റെ പോരാട്ടവീര്യം ട്രാക്കിലായി.
രണ്ടാമിന്നിങ്സില്‍ 171 റണ്‍സിന് ഓള്‍ഔട്ട് ആയെങ്കിലും 195 റണ്‍സെന്ന ഗുജറാത്തിന് മുന്നില്‍ വെച്ച വിജയലക്ഷ്യം എതിരാളികള്‍ക്ക് അപ്രാപ്യമായതോടെ കൃഷ്ണഗിരിയിലെ പച്ചനിറഞ്ഞ മൈതാനത്ത് കേരളത്തിലെ പുതിയ ക്രിക്കറ്റ് ചരിത്രം പിറക്കുകയായിരുന്നു.
ആദ്യ ഇന്നിങ്സില്‍ നാലുവിക്കറ്റ് വീഴ്ത്തി സന്ദീപ് വാര്യരും ബേസില്‍ തമ്പിയും എംഡി നിധീഷും കരുത്തായപ്പോള്‍ രണ്ടാം ഇന്നിങ്സില്‍ ബാറ്റും ബോളും കേരളത്തിന് കരുത്താവുകയായിരുന്നു.
56റണ്‍സെടുത്ത് സിജോമോനും 44 റണ്‍സെടുത്ത ജലജ് സക്സേനയും ബാറ്റിങില്‍ കരുത്തായി. പരിക്കേറ്റ് ഒറ്റകൈ കൊണ്ട് ബാറ്റു വീശി അവസാനക്കാരനായി ഇറങ്ങിയ സഞ്ജു സാംസണ് ജലജിന് നല്കിയ പിന്തുണയ്ക്കും കേരളം ഈ ചരിത്ര മുഹൂര്‍ത്തത്തില്‍ കടപ്പെട്ടിരിക്കുകയാണ്.
Discussion about this post