മെര്‍സലിനും തെരിയ്ക്കും ശേഷം വിജയ്-അറ്റ്ലി കൂട്ടുകെട്ടില്‍ പുതിയ സിനിമ പ്രഖ്യാപിച്ചതിന്റെ ആവേശത്തിലാണ് വിജയ് ആരാധകര്‍. ‘ ദളപതി 63’ എന്ന് താല്‍ക്കാലികമായി പേരിട്ടിരുന്ന ചിത്രത്തിന്റെതായി പുറത്തിറങ്ങിയ ഫാന്മേഡ് പോസ്റ്ററും മറ്റും സോഷ്യല്‍ മീഡിയയില്‍ തരംഗമായി കഴിഞ്ഞു. സിനിമയില്‍ ഫുട്ബോള്‍ ടീം പരിശീലകനായിട്ടാണ് വിജയ് എത്തുന്നത്.
തന്റെ കഥാപാത്രത്തിനായി വിജയ് ഫിസിക്കല്‍ ട്രെയിനിംഗ് തുടങ്ങി എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. 16 പെണ്‍കുട്ടികള്‍ ഉള്‍പ്പെടുന്ന ഫുട്ബോള്‍ ടീമിന്റെ കോച്ചായാണ് വിജയ് എത്തുന്നതെന്നതാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടില്‍ പറയുന്നത്. തമിഴ് സിനിമാ ലോകത്തെ പ്രമുഖ നിര്‍മ്മാണവിതരണ കമ്പനിയായ എജിഎസ് എന്റര്ടടൈന്മെന്റ്സിന്റെ ബാനറിലാണ് പുതിയ ചിത്രം ഒരുക്കുന്നത്. നയന്‍താരയാണ് ചിത്രത്തില്‍ വിജയുടെ നായിക.
വിജയുടെ 63-ാമത് ചിത്രമാണിത്. എആര്‍ റഹമാന് തന്നെയായിരിക്കും വിജയ് ചിത്രത്തിനു വേണ്ടി ഇത്തവണയും സംഗീതമൊരുക്കുക. ദളപതിയുടെ മെര്‍സല്‍,സര്‍ക്കാര്‍ തുടങ്ങിയ ചിത്രങ്ങള്‍ക്ക് ഗാനങ്ങള്‍ ഒരുക്കിയതും റഹമാന് തന്നെയായിരുന്നു. സിനിമയുടെ പേരോ മറ്റു വിവരങ്ങളോ ഔദ്യോഗികമായി പുറത്തു വിട്ടിട്ടില്ല. സിനിമയുടെ ചിത്രീകരണം ഉടന്‍ തന്നെ ആരംഭിക്കും.
Discussion about this post