ഡല്‍ഹി: പാകിസ്താന് ചാരസംഘടന ഐഎസ്ഐ ഒരുക്കിയ ഹണി ട്രാപ്പില്‍ കുരുങ്ങിയത് ഇന്ത്യയുടെ അമ്പതോളം സൈനികരെന്ന് റിപ്പോര്‍ട്ട്. ഇവര്‍ രാജ്യ സുരക്ഷയുമായി ബന്ധപ്പെട്ട നിര്‍ണ്ണായക വിവരങ്ങള്‍ ചോര്‍ത്തിയെന്നും സൈന്യം സംശയിക്കുന്നു. ഇത്തരത്തില്‍ വിവരങ്ങള്‍ ചോര്‍ത്തിയ ഹരിയാന സ്വദേശിയായ സോംബിര്‍ എന്ന സൈനികനെ അറസ്റ്റ് ചെയ്തു. ഫേസ്ബുക്ക് വഴിയാണ് ഈ സൈനികന് ഹണി ട്രാപ്പില്‍ കുരുങ്ങിയത്. ഇക്കാര്യം സൈന്യം സ്ഥിരീകരിച്ചിട്ടുണ്ട്. 50 ഓളം പേര് ഹണി ട്രാപ്പില്‍ കുടുങ്ങിയെന്ന് ന്യൂസ് 18 ചാനലാണ് റിപ്പോര്‍ട്ട് ചെയ്തത്.
ഐഎസ്ഐയുടെ ചാരവനിത, അനിക ചോപ്ര എന്ന വ്യാജഫേസ്ബുക്ക് പ്രൊഫൈല്‍ വഴിയാണ് സൈനികനുമായി അടുപ്പം സ്ഥാപിച്ചതെന്നാണ് വിവരം. സൈന്യത്തിന്റെ നഴ്സിങ് വിഭാഗത്തില്‍ ക്യാപ്റ്റന്‍ റാങ്കിലുള്ള ജീവനക്കാരിയാണ് എന്ന വ്യാജേനെയാണ് ചാരവനിത സൈനികരെ സമീപിച്ചിരുന്നത്.
ഒരു യുവതിയുടെ ഫോട്ടോയും ഈ പ്രൊഫൈലില്‍ ഉണ്ടായിരുന്നു. മെസ്സഞ്ചര്‍ വഴി ഈ പ്രൊഫൈലുമായി ചാറ്റിങ് പതിവാക്കിയ സൈനികന് സൈനിക നീക്കങ്ങളുമായി ബന്ധപ്പെട്ടതും തന്റെ യൂണിറ്റുമായി ബന്ധപ്പെട്ടതുമായ വിവരങ്ങള്‍ കൈമാറുകയായിരുന്നു. ഈ പ്രൊഫൈല്‍ വഴി തന്നെ വേറെയും അമ്പതോളം സൈനികര്‍ ഹണി ട്രാപ്പില്‍ പെട്ടുവെന്നാണ് വിവരം. ഇവരെ ഇന്റലിജന്‍സ് ചോദ്യം ചെയ്തുവരികയാണ്. കൂടുതല്‍ സൈനികര്‍ ട്രാപ്പില്‍ പെട്ടിട്ടുണ്ടോ എന്നും പരിശോധിക്കും. പരിചയപ്പെട്ട ഉടനെ എവിടെയാണ് ജോലി എന്നും സൈനിക ക്യാമ്പിന്റെ ഫോട്ടോ അയക്കാമോ എന്നൊക്കെ ചോദിക്കുന്ന ഇവര്‍ പിന്നീട് തന്ത്രപ്രധാന രഹസ്യങ്ങളും ചോര്‍ത്തുകയായിരുന്നു എന്നാണ് ചാനലിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്.
Discussion about this post