മൂവാറ്റുപുഴ: വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന സ്കൂള്‍ വിദ്യാര്‍ത്ഥിനി തേനീച്ചയുടെ കുത്തേറ്റ് മരിച്ചു. മൂവാറ്റുപുഴ വാളകം കുന്നയ്ക്കാല്‍ തേവര്‍മഠത്തില്‍ ബെന്നിയുടെ മകള്‍ അലീന ബെന്നി (13) ആണ് മരിച്ചത്. മുടവൂര്‍ പ്രസിഡന്‍സി സെന്‍ട്രല്‍ സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് അലീന.
വീട്ടില്‍ തേനീച്ച കൃഷി നടത്തിവരികയായിരുന്നു കുടുംബം. മുറ്റത്ത് കളിച്ചു കൊണ്ടിരിക്കെ വിദ്യാര്‍ത്ഥിനി അബദ്ധത്തില്‍ കൂടിനടുത്ത് എത്തുകയായിരുന്നു. കൂടിനടുത്ത് എത്തിയപ്പാടെ കുട്ടിയെ തേനീച്ച കൂട്ടം വന്ന് ആക്രമിക്കുകയായിരുന്നു. വ്യാഴാഴ്ച വൈകുന്നേരമാണ് സംഭവം. കഴുത്തിലും ചുണ്ടിലും കുത്തേറ്റ അലീനയുടെ ദേഹത്ത് അല്പ സമയത്തിനുള്ളില്‍ നീര്‍വീക്കമുണ്ടായി.
ഇതോടെ കോലഞ്ചേരി മെഡിക്കല്‍ കോളേജില്‍ എത്തിച്ചു. നീര്‍വീക്കത്തെത്തുടര്‍ന്ന് ശക്തമായ ശ്വാസംമുട്ട് കൂടിയായതോടെ അലീനയുടെ ജീവന് നഷ്ടപ്പെടുകയായിരുന്നു. തേനീച്ച കുത്തുന്നത് പെട്ടെന്ന് ഇത്ര വലിയ പ്രശ്നങ്ങളിലേക്ക് എത്തിക്കുമെന്ന അറിവില്ലായ്മയും കൂടിളകിവന്നുള്ള ആക്രമണമല്ലാതിരുന്നതും ജീവന് അപകടപ്പെടുത്തുമെന്ന് തോന്നിപ്പിച്ചില്ലെന്ന് കുടുംബം പറയുന്നു. അമ്മ: ഷൈജി. സഹോദരി: അല്‍മിന.
Discussion about this post