കൊച്ചി: സംസ്ഥാനത്ത് എടിഎം, ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ തടയാന്‍ പല വഴികളും പോലീസ് കണ്ടെത്താന്‍ ശ്രമിക്കുമ്പോള്‍ രപുതിയ തട്ടിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് ഉത്തരേന്ത്യന്‍ ലോബി.
സ്വകാര്യ മൊബൈല്‍ ആപ്ലിക്കേഷനായ ട്രൂ കോളര്‍ ആയുധമാക്കിയാണ് തട്ടിപ്പുകാര്‍ പുതിയ വഴി കണ്ടെത്തിയത്. കൈയിലുള്ള നമ്പര്‍ ട്രൂ കോളറില്‍ ഡയല് ചെയ്ത് പേര് മനസിലാക്കിയാണ് തട്ടിപ്പ്. ആ പേരുകാരനെ വിളിച്ച് ചിപ്പ് എടിഎം കാര്‍ഡിലേക്ക് ഉടന്‍ മാറണമെന്നും അല്ലെങ്കില്‍ പിഴയടയ്ക്കേണ്ടിവരുമെന്നും കാര്‍ഡ് ബ്ലോക്കാക്കും എന്നും ഭീഷണിപ്പെടുത്തിയാണ് തട്ടിപ്പ് അരങ്ങേറുന്നത്.
കൊല്‍ക്കത്ത കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഇത്തരം തട്ടിപ്പ് സംഘത്തെക്കുറിച്ച് കൊച്ചി സിറ്റി പോലീസിന് വിവരം ലഭിച്ചു. സ്ത്രീകള്‍ക്ക് പ്രത്യേക പരിശീലനം നല്കി കോള്‍ സെന്റര്‍ മാതൃകയില്‍ വിളിച്ചാണ് തട്ടിപ്പ് നടത്തുന്നത്. നേരത്തെ, ഡാറ്റാ ബേസില്‍ നിന്നും വിവരങ്ങള്‍ കൈക്കലാക്കിയായിരുന്നു തട്ടിപ്പ് നടത്തിയിരുന്നത്.
അടുത്തിടെയാണ് പണമിടപാടിന് എടിഎം ചിപ്പ് കാര്‍ഡ് നിര്‍ബന്ധമാക്കിയത്. ഇതിന് പിന്നാലെയാണ് തട്ടിപ്പ് സംഘവും അടവ് മാറ്റിയത്. ചിപ്പ് എടിഎം കാര്‍ഡുകള്‍ നല്‍കുന്നതിന്റെ ഭാഗമായി വിളിക്കുകയാണെന്ന് പറഞ്ഞാണ് കോളുകള്‍ വരുന്നത്. നിലവിലെ എടിഎം കാര്‍ഡ് മരവിപ്പിക്കുമെന്നും അതിനാല്‍ ഫോണില്‍ വന്നിരിക്കുന്ന കോഡ് പറഞ്ഞു നല്‍കണമെന്നുമാകും ആവശ്യം. കോഡ് അപ്പോള്‍തന്നെ പറഞ്ഞു തന്നാല്‍ പുതിയ കാര്‍ഡ് വേഗത്തില്‍ അയച്ച് നല്‍കാമെന്നും അല്ലെങ്കില്‍ കാലതാമസമുണ്ടാകുമെന്നും അറിയിക്കും. ഇംഗ്ലീഷിലാണ് വിളിയെത്തുന്നത്. ബാങ്ക് വിവരങ്ങള്‍ കൃത്യതയോടെ പറഞ്ഞ് ഫലിപ്പിച്ചാണ് തട്ടിപ്പുകാര്‍ കാര്‍ഡ് ഉടമകളെ കെണിയില്‍ വീഴ്ത്തുന്നതെന്ന് പോലീസ് വ്യക്തമാക്കുന്നു.
Discussion about this post