തിരുവനന്തപുരം: നോവുമ്പോഴും ക്യാമറ മുറുകെ പിടിച്ച് കര്‍ത്തവ്യം നിറവേറ്റി,
ആത്മാര്‍ഥതയുടെ പ്രതീകമായി മാറിയ ക്യാമറാ വുമണ്‍ ഷാജിലയാണ് സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞുനില്ക്കുന്നത്. ഒരൊറ്റ ചിത്രം കൊണ്ടാണ് കേരളം ഷാജിലയെ ഹൃദയത്തോട് ചേര്‍ത്തത്.
ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് സെക്രട്ടറിയേറ്റിന് മുന്നിലെ പ്രതിഷേധ സമരത്തിനിടയില്‍ സംഘപരിവാറിന്റെ അക്രമത്തിനിരയായ കൈരളി ക്യാമറ വുമണ്‍ ഷാജിലയ്ക്ക് അഭിനന്ദനങ്ങളുമായി മെഗാസ്റ്റാര്‍ മമ്മൂട്ടി.
കരഞ്ഞു കൊണ്ട് സമരരംഗങ്ങള്‍ ചിത്രീകരിക്കുന്ന ഷാജിലയുടെ ഫോട്ടോ മാധ്യമങ്ങളിലെല്ലാം വൈറലായിരുന്നു. ഇതിനെ തുടര്‍ന്ന് സമൂഹത്തിന്റെ വിവിധ മേഖലകളില്‍ നിന്നും ഷാജിലയ്ക്ക് അഭിനന്ദനപ്രവാഹമായിരുന്നു. ഷാജിലയ്ക്ക് കൈരളി ഏര്‍പ്പെടുത്തിയ അവാര്‍ഡ് ദാനചടങ്ങില്‍ സംസാരിക്കവേയാണ് ചെയര്മാന് കൂടിയായ മമ്മൂട്ടി അഭിനന്ദനമറിയിച്ചത്.
മമ്മൂട്ടിയുടെ വാക്കുകള്‍ ഇങ്ങനെ. ”ഷാജിലയെ ഇനി മമ്മൂട്ടി പ്രത്യേകിച്ച് അഭിനന്ദിക്കേണ്ട കാര്യമില്ല. ഷാജിലയ്ക്ക് അഭിനന്ദനങ്ങള്‍ പ്രവഹിക്കുകയാണ്. സോഷ്യല്‍ മീഡിയയില്‍ നിന്നും മുഖ്യധാരാമാധ്യമങ്ങളില്‍ നിന്നും വരെ. സാധാരണക്കാരില്‍ നിന്ന് വിഐപികളില്‍ നിന്നുവരെ. കേരളത്തില്‍ നിന്നും ഇന്ത്യയില്‍ നിന്നും മാത്രമല്ല, ഏഴാം കടലിനപ്പുറത്ത് നിന്ന് പോലും ഷാജിലയ്ക്ക് അഭിനന്ദനങ്ങളുടെ പ്രവാഹമാണ്.
ഇക്കാലത്ത് ജനങ്ങളുടെ കണ്ണുകളാണ് ദൃശ്യമാധ്യമങ്ങളുടെ ക്യാമറ. ആ കണ്ണുകള്‍ എപ്പോഴും തുറന്നിരിക്കട്ടെ. അടി കൊണ്ടിട്ടും ക്യാമറ താഴെ വയ്ക്കാത്ത ഷാജില ഒരു പ്രതീകമാണ്. സത്യം ജനങ്ങളെ അറിയിക്കുമെന്ന പ്രതിബദ്ധതയുടെ പ്രതീകം. ഷാജിലയുടെ കര്‍മ്മബോധവും ധീരതയും ഈ കാലത്തിനാകെ മാതൃകയാണ്. ഷാജിലയെ ആക്രമിക്കാന്‍ ശ്രമിച്ചവരുടെ കണ്ണുകള്‍ തുറക്കട്ടെ.
കൈരളി പീപ്പിളിന്റെ ക്യാമറാ പേഴ്സണാണ് ഷാജില എന്നത് എന്റെയും അഭിമാനമാണ്. ഷാജിലയ്ക്ക് എന്റെയും ഡയറക്ടര്‍ ബോര്‍ഡിന്റെയും കൈരളിയുടെ മൊത്തം പേരിലും അഭിനന്ദനങ്ങള്‍ അര്‍പ്പിക്കുകയാണ്.” മമ്മൂട്ടി പറഞ്ഞു.
Discussion about this post