ദുബായ്: പുതുവത്സരാഘോഷത്തിന് ശേഷം ദുബായ് നഗരത്തില്‍ നിന്ന് നീക്കം ചെയ്തത് 87 ടണ്‍ മാലിന്യം. സന്തോഷ സുസ്ഥിര നഗരം സാധ്യമാക്കുക എന്ന നഗരസഭ പദ്ധതിയുടെ ഭാഗമായി റെക്കോര്‍ഡ് സമയം കൊണ്ടാണ് നഗരസഭയുടെ ശുചീകരണ ജീവനക്കാര്‍ 87 ടണ്‍ മാലിന്യം നീക്കം ചെയ്തത്. ബുര്‍ജ് ഖലീഫ, ബിസിനസ് ബേ, ജുമേറ ബീച്ച്, ദുബായ് മറീന, ബുര്‍ജുല്‍ അറബ്, ശൈഖ് സായിദ് റോഡ്, ഡൗണ്‍ ടൗണ്‍, ദുബായ് വാട്ടര്‍ കനാല്‍ എന്നിങ്ങനെ പുതുവര്‍ഷ ആഘോഷ പരിപാടികള്‍ക്ക് കൂടുതല്‍ സഞ്ചാരികള്‍ എത്തിച്ചേരുന്ന സ്ഥലങ്ങളെ മുന്‍നിര്‍ത്തി അവിടെ നിന്ന് മാലിന്യം ശേഖരിക്കുന്നതിനും നീക്കം ചെയ്യുന്നതിനും നഗരസഭ മുന്‍കൂട്ടി പദ്ധതി തയ്യാറാക്കിയിരുന്നു.
മാലിന്യം നീക്കം ചെയ്യാനായി 30 സൂപ്പര്‍വൈസര്‍മാരുടെ നേതൃത്വത്തില്‍ രണ്ടായിരത്തോളം ജീവനക്കാരാണ് ജോലി ചെയ്തത്. പുതുവത്സരാഘോഷത്തിന് കൂടുതല്‍ ആളുകള്‍ എത്തുമെന്നതിലാല് വ്യത്യസ്ത വലിപ്പത്തിലുള്ള 200 ചവറുവീപ്പകളും നഗരസഭ സ്ഥാപിച്ചിരുന്നു. അടിയന്തര സാഹചര്യങ്ങളുണ്ടായാല്‍ നേരിടാന്‍ 40 ഓഫീസര്‍മാരും 500 ശുചിത്വ തൊഴിലാളികളും ഉള്‍പ്പെടുന്ന സാന്റ് ടീമിനെയും സജ്ജമാക്കി നിര്‍ത്തിയിരുന്നു.
ശുചീകരണ പ്രവര്‍ത്തനത്തിനായി 736 വളണ്ടിയര്‍മാരും എത്തിയിരുന്നു. ആഘോഷങ്ങള്‍ കഴിഞ്ഞ് ആളുകള്‍ മടങ്ങിയതോടെ ശുചീകരണം ഊര്‍ജിതമാക്കിയ ജീവനക്കാര്‍ രാവിലെ എട്ടുമണിയോടെ നഗരം പൂര്‍ണ വൃത്തിയിലാക്കിയെന്ന് ശുചിത്വ മാനേജ്മെന്റ് വിഭാഗം ഡയറക്ടര്‍ അബ്ദുല്‍ മജീദ് സൈഫാഇ വ്യക്തമാക്കി.
Discussion about this post