ന്യൂഡല്‍ഹി: ബംഗ്ലാദേശ് പ്രധാനമന്ത്രിയായി നാലാമതും തെരഞ്ഞെടുക്കപ്പെട്ട ശൈഖ് ഹസീനയ്ക്ക് അഭിനന്ദനങ്ങളും പിന്തുണയും അര്‍പ്പിച്ച് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി. തെരഞ്ഞെടുപ്പു വിജയത്തിന് പിന്നാലെയാണ് മോഡി ശൈഖ് ഹസീനയെ ഫോണില്‍ ബന്ധപ്പെട്ട് സംസാരിച്ചത്. രാജ്യത്തിന്റെ വികസന രംഗത്ത് ഇന്ത്യയുടെ പിന്തുണ തുടരുമെന്ന് മോഡി വാഗ്ദാനം ചെയ്തു. ബംഗ്ലാദേശിന്റെ പുരോഗതിയുടെ പ്രതിഫലനമാണ് ഹസീനയുടെ വിജയമെന്ന് മോഡി പറഞ്ഞതായി ബംഗ്ലാദേശ് പ്രധാനമന്ത്രിയുടെ പ്രസ് സെക്രട്ടറി ഇഹ്സാനുല്‍ കരീം വ്യക്തമാക്കി.
300 സീറ്റുകളിലേക്ക് നടന്ന വോട്ടെടുപ്പില്‍ ഹസീനയുടെ അവാമി ലീഗ് പാര്‍ട്ടി 191 സീറ്റ് നേടിയതായി തെരഞ്ഞെടുപ്പ് ഫലം ക്രോഡീകരിച്ച് പുറത്തുവിടുന്ന ചാനല്‍ 24 ടെലിവിഷന്‍ അറിയിച്ചു. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സംഘര്‍ഷങ്ങളില്‍ 17 പേര് കൊല്ലപ്പെട്ടു.
തുടര്‍ച്ചയായി മൂന്നാം തവണയും ആകെ നാലാം പ്രാവിശ്യവുമാണ് അവാമി പാര്‍ട്ടിയുടെ ടിക്കറ്റില്‍ 71കാരിയായ ഹസീന പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെടുന്നത്. അതിനിടെ ക്രമക്കേടുകള്‍ നടന്നെന്നാരോപിച്ച് പ്രധാന പ്രതിപക്ഷമായ ബംഗ്ലാദേശ് നാഷനലിസ്റ്റ് പാര്‍ട്ടി വീണ്ടും തെരഞ്ഞെടുപ്പ് നടത്തണമെന്നാവശ്യപ്പെട്ട് രംഗത്തുവന്നിട്ടുണ്ട്.
Discussion about this post