ന്യൂഡല്‍ഹി: ജോണ്‍സണ്‍സ് ആന്‍ഡ് ജോണ്‍സണ്‍സിന്റെ ഉല്പന്നങ്ങളില് കാന്‍സറിന് കാരണമാകുന്ന അസ്ബസ്റ്റോസ് ഉല്പന്നങ്ങളില് ചേര്‍ക്കുന്നുണ്ടെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ജോണ്സണ് ആന്‍ഡ് ജോണ്‍സണിന്റെ ഇന്ത്യന്‍ പ്ലാന്റുകളില്‍ ആരോഗ്യവകുപ്പ് പരിശോധന നടത്തി. ഹിമാചല്‍ പ്രദേശിലെ നിര്‍മ്മാണ കേന്ദ്രത്തിലാണ് ആരോഗ്യവകുപ്പ് പരിശോധന നടത്തിയത്. ഇവിടെ നിന്ന് ഉല്പന്നങ്ങളുടെ സാംപിളുകളും കേന്ദ്ര ആരോഗ്യവകുപ്പ് ശേഖരിച്ചു.
പ്ലാന്റില്‍ നടത്തിയ പരിശോധനയില്‍ ജോണ്‍സണ്‍സ് ആന്‍ഡ് ജോണ്‍സണിന്റെ എല്ലാ ഉല്പന്നങ്ങളുടേയും സാംപിള്‍ പരിശോധനയ്ക്ക് അയച്ചതായി സെന്‍ട്രല്‍ ഡ്രഗ്സ് സ്റ്റാന്‍ഡേര്‍ഡ് കണ്ട്രോള് ഓര്‍ഗനൈസേഷനുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പറഞ്ഞു. എന്നാല്‍ നടപടിയില്‍ ജോണ്സണ് ആന്‍ഡ് ജോണ്സണ് ഇന്ത്യ ഇതുവരെ പ്രതികരിച്ചിട്ടില്ല.
ജോണ്‍സണ്‍സ് ആന്‍ഡ് ജോണ്‍സണ്‍സിന്റെ ഉല്പന്നങ്ങളില് കാന്‍സറിന് കാരണമാകുന്ന അസ്ബസ്റ്റോസ് ഉല്പന്നങ്ങളില് ചേര്‍ക്കുന്നുണ്ടെന്ന റിപ്പോര്‍ട്ട് റോയിട്ടേഴ്സ് ആണ് പുറത്തുവിട്ടത്. ഇതിനെതിരെ ജോണ്‍സണ്‍സ് ആന്‍ഡ് ജോണ്സണ് ഇന്നലെ രംഗത്ത് എത്തിയിരുന്നു. ഇവ തെറ്റായ വിവരങ്ങളാണെന്നും യാഥാര്‍ത്ഥ്യം മനസ്സിലാക്കാതെയുള്ള റിപ്പോര്‍ട്ടാണിതെന്നും ജോണ്‍സണ്‍സ് ആന്‍ഡ് ജോണ്സണ് പ്രതികരിച്ചത്. കാന്‍സറിന് കാരണമാകുന്ന അസ്ബസ്റ്റോസ് തങ്ങള്‍ ഉപയോഗിക്കുന്നില്ലെന്നുമാണ് അമേരിക്കന്‍ കമ്പനി വ്യക്തമാക്കിയത്. ലക്ഷക്കണക്കിന് ആളുകള്‍ ഉപയോഗിക്കുന്ന ഞങ്ങളുടെ ബേബി ഉല്പന്നങ്ങളില് നിന്ന് ഇതുവരെ അസ്ബെസ്റ്റോസിന്റെ സാന്നിധ്യം കണ്ടെത്താനായിട്ടില്ലെന്നും കമ്പനി വിശദീകരിച്ചു.
1971 മുതല്‍ ടാല്‍ക്കം പൗഡറില്‍ ആസ്ബറ്റോസിന്റെ അംശം ഉപയോഗിച്ച് വരുന്നുണ്ടെന്ന റോയിട്ടേഴ്സിന്റെ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് തെലങ്കാനയിലുള്ള പ്ലാന്റിലും കേന്ദ്ര ആരോഗ്യവകുപ്പ് തെരച്ചില്‍ നടത്തുകയും സാംപിളുകള്‍ പരിശോധയ്ക്കായി അയച്ചുവെന്നും റിജണല്‍ ഓഫീസര്‍ സുരേന്ദ്രനാഥ് സായ് പറഞ്ഞു. റോയിട്ടേഴ്സ് റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കി വിശദമായ അന്വേഷണം നടത്തുമെന്ന് കേന്ദ്ര ആരോഗ്യവകുപ്പ് വ്യക്തമാക്കി.
Discussion about this post