തിരുവനന്തപുരം: കെഎസ്ആര്‍ടിസിയിലെ എം പാനല്‍ ജീവനക്കാരെ പിരിച്ചു വിടാനുള്ള ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങി ജീവനക്കാരുടെ സംഘടന. ജീവനക്കാരുടെ വാദം കേള്‍ക്കാതെയാണ് ഹൈക്കോടതി ഉത്തരവിട്ടതെന്ന് കാണിച്ചാണ് സുപ്രീംകോടതിയെ ജീവനക്കാര്‍ സമീപിക്കാനൊരുങ്ങുന്നത്. സര്‍ക്കാര്‍ നിലപാട് നിര്‍ണായകമാകും എന്നിരിക്കെ അനുകൂല നിലപാടെടുക്കാന്‍ സമ്മര്‍ദ്ദം ചെലുത്താനും നീക്കങ്ങള്‍ ഉണ്ടാകും. ഇതിന്റെ ഭാഗമായി സെക്രട്ടറിയേറ്റിലേക്ക് മാര്‍ച്ചും മറ്റ് സമര പരിപാടികളും സംഘടിപ്പിക്കും.
കെഎസ്ആര്‍ടിസിയില്‍ നിയമനം കാത്തുനില്ക്കുന്ന പിഎസ് സി റാങ്ക് ലിസ്റ്റിലുള്ളവരുടെ ജോലി അവസരം എംപാനല്‍ ജീവനക്കാര്‍ തടസ്സപ്പെടുത്തുന്നതായി ചൂണ്ടിക്കാട്ടി പാലക്കാട് സ്വദേശി ആന്റണി സ്റ്റെജോ നല്കിയ ഹര്‍ജി പരിഗണിച്ചായിരുന്നു കോടതി ഉത്തരവ്. ഹൈക്കോടതി ഉത്തരവനുസരിച്ച് കെഎസ്ആര്‍ടിസിയിലെ 3,862 എം പാനല്‍ കണ്ടക്ടര്‍മാരെ ഇന്ന് പിരിച്ചുവിടും. 3,861 കണ്ടക്ടര്‍ക്കാണ് ഇതോടെ ജോലി നഷ്ടമാകുന്നത്.
ജീവനക്കാരെ പിരിച്ചുവിടുന്നതോടെ പിഎസ് സി റാങ്ക് പട്ടികയിലുള്ള 4051 ജീവനക്കാരെ നിയമിക്കാനുള്ള നടപടിയും തുടങ്ങും. സ്ഥിരം കണ്ടക്ടര്‍മാരുടെ അവധി വെട്ടിക്കുറച്ചെങ്കിലും പലയിടത്തും സര്‍വ്വീസ് മുടങ്ങാനാണ് സാധ്യത. അതേസമയം കെഎസ്ആര്‍ടിസി എംഡി ടോമിന് തച്ചങ്കരി ഇന്ന് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചുചേര്‍ത്തിട്ടുണ്ട്.
Discussion about this post