തിരുവനന്തപുരം: ബിജെപി സമരപന്തലിന് സമീപം ആത്മഹത്യ ചെയ്ത വേണുഗോപാലന്‍ നായരുടെ പോസ്റ്റ്മോര്‍ട്ടം ഇന്ന് നടക്കും. മരണത്തെ കുറിച്ച് സമഗ്ര അന്വേഷണം നടത്താനാണ് പോലീസ് നീക്കം. വേണുഗോപാലന്‍ നായരുടെ ആത്മഹത്യയില്‍ പ്രതിഷേധിച്ചാണ് ബിജെപിയുടെ സംസ്ഥാന ഹര്‍ത്താല്‍. സര്‍ക്കാറിന്റെ ശബരിമല നയത്തിലുള്ള പ്രതിഷേധമാണ് ആത്മഹത്യക്ക് പിന്നിലെന്നാണ് ബിജെപിയുടെ അവകാശവാദം.എന്നാല്‍ മരണമൊഴി ബിജെപി നിലപാടിന് വിരുദ്ധമാണ്.
മറ്റ് പ്രേരണകളൊന്നുമില്ലെന്നും സ്വയം എടുത്ത തീരുമാനമാണെന്നുമാണ് മരണമൊഴി. ഈ സാഹചര്യത്തിലാണ് പോലീസ് വിശദമായ അന്വേഷണം നടത്തുന്നത്. മരണമൊഴി ഇന്ന് പോലീസ് മജിസ്ട്രേറ്റില്‍ നിന്ന് വാങ്ങും. മുട്ടടയിലെ സഹോദരന്റെ വീട്ടിലുണ്ടായിരുന്ന വേണുഗോപാലന്‍ നായര്‍ ഒരു ഓട്ടോയില്‍ സെക്രട്ടറിയേറ്റിന് മുന്നിലെത്തി എന്ന വിവരമാണ് പോലീസിന് കിട്ടിയത്. ഓട്ടോ കണ്ടെത്താന്‍ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പരിശോധിക്കുകയാണ്. കത്തിക്കാന്‍ ഉപയോഗിച്ച് മണ്ണെണ്ണ എവിടെ നിന്നും കിട്ടിയെന്നും അന്വേഷിക്കുന്നുണ്ട്.
തീ പടരുന്നതിന്റെ രണ്ട് സിസിടിവി ദൃശ്യങ്ങള്‍ ഇതിനകം പോലീസിന് കിട്ടിയിട്ടുണ്ട്. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കളുടെ മൊഴി വിശദമായി രേഖപ്പെടുത്തും. ശബരിമല പ്രശ്നം തന്നെയാണ് ആത്മഹത്യക്ക് കാരണമെന്നാണ് ബന്ധുക്കളില്‍ ചിലര്‍ പറയുന്നത്.
എന്നാല്‍ അന്വേഷണം വേണമെന്ന് ദേവസ്വമന്ത്രി കടകംപള്ളി സുരേന്ദ്രന് ആവശ്യപ്പെട്ടു. അന്വേഷണം ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് പോലീസിന് പരാതി നല്കി. മരണത്തെ ചൊല്ലിയുള്ള രാഷ്ട്രീയപ്പോര് മുറുകിയ സാഹചര്യത്തില്‍ സമരം പൊളിഞ്ഞതിന്റെ ജാള്യത മറയ്ക്കാനാണ് ബിജെപി ഹര്‍ത്താലെന്ന് പ്രതിപക്ഷനേതാവ് ആരോപിച്ചു.
Discussion about this post