മുംബൈ: 9000 കോടിയുടെ വായ്പ തിരിച്ചടയ്ക്കാതെ രാജ്യം വിട്ട വിവാദ വ്യവസായി വിജയ് മല്യയ്ക്കായി കോടതിയില്‍ വാദിച്ച് അഭിഭാഷകനും വാദത്തെ ഖണ്ഡിച്ച് അമ്പരപ്പിച്ച് എന്‍ഫോഴ്സ്മെന്റ് ഉദ്യോഗസ്ഥരും. മല്യ രാജ്യത്തുനിന്ന് കടന്നുകളഞ്ഞതല്ലെന്നും ജനീവയില്‍ നടന്ന യോഗത്തില്‍ പങ്കെടുക്കാന്‍ പോയതാണെന്നുമുള്ള വാദമാണ് വ്യവസായിയെ രക്ഷിക്കാനായി അഭിഭാഷകന് ഉയര്‍ത്തിയത്. എന്നാല്‍, വിദേശത്ത് നടക്കുന്ന മീറ്റിങ്ങില്‍ പങ്കെടുക്കാന്‍ ആരെങ്കിലും 300 ബാഗുകളുംകൊണ്ട് പോകുമോയെന്ന് എന്‍ഫോഴ്സ്മെന്റ് അധികൃതര്‍ മദ്യരാജാവിന്റെ അഭിഭാഷകനോട് തിരിച്ചടിച്ചു.
നേരത്തെതന്നെ നിശ്ചയിച്ചിരുന്ന വേള്‍ഡ് മോട്ടോര്‍ സ്പോര്‍ട് യോഗത്തില്‍ പങ്കെടുക്കാനാണ് മല്യ സ്വിറ്റ്സര്‍ലന്‍ഡിലെ ജനീവയിലേക്ക് പോയതെന്നും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അധികൃതര്‍ ആരോപിക്കുന്നതുപോലെ മല്യ രഹസ്യമായി രാജ്യം വിട്ടതല്ലെന്നും അഭിഭാഷകന് അമിത് ദേശായി കോടതിയില്‍ വാദം ഉന്നയിച്ചിരുന്നു.
എന്നാല്‍, ഇതിനെതിരെ എന്‍ഫോഴ്സ്മെന്റ് അഭിഭാഷകന് ഡിഎന്‍ സിങ് ശക്തമായി തിരിച്ചടിക്കുകയായിരുന്നു. മീറ്റിങ്ങില്‍ പങ്കെടുക്കാനാണ് വിദേശത്തേക്ക് പോയതെന്ന് തെളിയിക്കാന്‍ അവരുടെ കൈവശം രേഖകളൊന്നുമില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. 300 ബാഗുകള്‍ ഉല്‍പ്പെട്ട കൂറ്റന്‍ ലഗേജുമായി ആരെങ്കിലും യോഗത്തില്‍ പങ്കെടുക്കാന്‍ വിദേശത്തേക്ക് പോകുമോയെന്നും അഭിഭാഷകന് ചോദിച്ചു. വിജയ് മല്യയെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച് വിചാരണ തുടങ്ങണമെന്ന ആവശ്യമാണ് കോടതി നിലവില്‍ പരിഗണിക്കുന്നത്.
Discussion about this post