ന്യൂഡല്‍ഹി: രാമക്ഷേത്ര നിര്‍മ്മാണത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ നിലപാടിനെ രൂക്ഷമായി വിമര്‍ശിച്ച് ആര്‍എസ്എസ്. രാംലീല മൈതാനത്ത് വിശ്വഹിന്ദു പരിഷത്തിന്റെ നേതൃത്വത്തില്‍ നടന്ന പടുകൂറ്റന്‍ റാലിയില്‍ സംസാരിക്കവേയാണ് ആര്‍എസ്എസ് നേതാവ് സുരേഷ് ഭയ്യാജി ജോഷി പേരെടുത്ത് പറയാതെ ബിജെപിയെ വിമര്‍ശിച്ചത്. ‘
അധികാരത്തില്‍ കയറും മുന്നേ രാമക്ഷേത്ര നിര്‍മ്മാണം പൂര്‍ത്തിയാക്കുമെന്ന് ഉറപ്പ് നല്കിയ സര്‍ക്കാര്‍ ഇതുവരെ ഒന്നും ചെയ്തില്ല. ജനങ്ങളെ കേള്‍ക്കാനും അയോധ്യയില്‍ രാമക്ഷേത്രം വേണമെന്ന അവരുടെ ആഗ്രഹം പൂര്‍ത്തീകരിക്കാനും അധികാരത്തിലുള്ളവര്‍ തയ്യാറാകണം. രാജ്യത്തിന് രാമരാജ്യം ആവശ്യമാണ്.’ – ഭയ്യാജി ജോഷി പറഞ്ഞു.
ഈ റാലി സര്‍ക്കാര്‍ താക്കീതായി കാണണം,? ജനങ്ങളുടെ ആവശ്യങ്ങള്‍ മനസിലാക്കി സര്‍ക്കാര്‍ പ്രവര്‍ത്തിക്കണം. ഇത് അഭ്യര്‍ത്ഥനയായി കാണരുത് ജനങ്ങളുടെ വികാരമാണ്. ക്ഷേത്രം പണിയാനുള്ള നിയമനിര്‍മ്മാണം നടത്തണമെങ്കില്‍ അതും ചെയ്യണമെന്ന് ജോഷി കൂട്ടിച്ചേര്‍ത്തു.
കൂറ്റന്‍ റാലിയില്‍ ഒന്നരലക്ഷത്തോളം ആളുകള്‍ പങ്കെടുത്തതായാണ് റിപ്പോര്‍ട്ട്.
ഡല്‍ഹിയ്ക്ക് പുറമേ ഉത്തര്‍പ്രദേശിലെ ഗാസിയാബാദ്, ഗൗതം ബുദ്ധ് നഗര്‍, ഭാഗ്പഥ്, മീററ്റ് തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നെത്തിയവരും റാലിയില്‍ പങ്കെടുത്തു. ഇതിനെ തുടര്‍ന്ന് രാംലീല മൈതാനിയില്‍ വന്‍ പോലീസ് സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. ചൊവ്വാഴ്ച ആരംഭിക്കുന്ന പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനത്തിന് മുന്നോടിയായി ആണ് വിഎച്ച്പി ഡല്‍ഹിയില്‍ റാലി സംഘടിപ്പിച്ചത്.
Discussion about this post