മുംബൈ : താരവിവാഹ വാര്‍ത്തകളും ഫോട്ടോകളും സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കെ മറ്റൊരു വിവാഹത്തിന് കൂടി ഒരുക്കങ്ങള്‍ തുടങ്ങി. ദീപിക പദ്കോണ്‍-റണ്വീര് സിംങ്, പ്രിയങ്ക ചോപ്ര-നിക് താരദമ്പതികളുടെ വിവാഹ വിശേഷങ്ങള്‍ അവസാനിക്കുന്നതിന് മുമ്പുതന്നെ മറ്റൊരു ഗംഭീര വിവാഹാഘോഷങ്ങള്ക്കാണ് ഇന്ത്യയില്‍ തുടക്കം കുറിച്ചിരിക്കുന്നത്. ഇന്ത്യയിലെ ഏറ്റവും സമ്പന്ന വ്യവസായി മുകേഷ് അംബാനിയുടെ മകള്‍ ഇഷ അംബാനിയുടെ വിവാഹമാണ് ഇപ്പോള്‍ ലോകം മുഴുവന്‍ ഉറ്റുനോക്കുന്നത്.
താമസിക്കാന്‍ അറബിക്കടലിന്റെ തീരത്ത് 50,000 ചതുരശ്ര അടിയിലൊരു കൊട്ടാരം, അതിഥികള്‍ക്ക് എത്തിച്ചേരാന്‍ 100 ചാര്‍ട്ടേഡ് വിമാനങ്ങള്‍ തീര്‍ന്നില്ല വ്യവസായിയായ ആനന്ദ് പിരമലുമായി ഈ മാസം 12 ന് നടക്കുന്ന വിവാഹത്തിനെത്തുന്ന അതിഥികളാണ് ഇപ്പോള്‍ ചര്‍ച്ചാ വിഷയം.
വിവാഹം കൊഴുപ്പിക്കാന്‍ പ്രശസ്ത പോപ്പ് ഗായിക ബിയോണ്‍സിന്റെ സംഗീത വിരുന്ന്. മുന്‍ യു എസ് പ്രസിഡന്റ് ബില്‍ ക്ലിന്റനും ഭാര്യയും, അനില്‍ കപൂര്‍, ഭാര്യ സുനിത കപൂര്‍, കഴിഞ്ഞ ആഴ്ച വിവാഹിതരായ പ്രിയങ്ക ചോപ്ര, നിക്, കത്രീന കൈഫ്, ജാന്‍വി കപൂര്‍ തുടങ്ങി ബോളിവുഡ് താര നിര.
വിവാഹത്തിന് മുന്നോടിയായുള്ള ചടങ്ങുകള്‍ക്ക് പ്രമുഖ താരങ്ങള്‍ എത്തി തുടങ്ങിയ ചിത്രങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു തുടങ്ങി. ഇന്‍സ്റ്റഗ്രാമില്‍ താരങ്ങള്‍ തന്നെയാണ് ഫോട്ടോകള്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.
ഉദയ്പൂരിലാണ് വിവാഹത്തിന് മുന്നോടിയായുള്ള ആഘോഷങ്ങള്‍ ഇപ്പോള്‍ നടക്കുന്നത്. അടുത്തിടെ വിവാഹിതരരായ താരദമ്പതികള്‍ക്ക് പുറമെ വിദ്യാ ബാലന്, ഷാരൂഖാന്, സല്മാന് ഖാന്, അമീര്‍ ഖാന്, ഐശ്വര്യ റായ് ബച്ചന്, അഭിഷേക് ബച്ചന്, കരീഷ്മ,കത്രീന കൈഫ് എന്നിവരും ആഘോഷങ്ങളില്‍ പങ്കെടുത്തു.
മുബൈയില്‍ മൂന്ന് ദിവസം നീളുന്ന ചടങ്ങുകളോടെയായിരിക്കും വിവാഹം. വിവാഹത്തോടനുബന്ധിച്ചുള്ള ആഘോഷ പരിപാടികളാണ് ഇപ്പോള്‍ ഉദയ്പൂരില്‍ ആരംഭിച്ചിരിക്കുന്നത്.
Discussion about this post