ഐസോള്‍: നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന മിസോറാമില്‍ ബിജെപിക്കും ദേശീയ അധ്യക്ഷന്‍ അമിത് ഷായ്ക്കുമെതിരെ രൂക്ഷ വിമര്‍ശനവുമായി മിസോ നാഷണല്‍ ഫ്രണ്ട്. ബിജെപി നേതൃത്വത്തിലുള്ള നോര്‍ത്ത് ഈസ്റ്റ് ഡെമോക്രാറ്റിക് അലയന്‍സിന്റെ ഭാഗമാണ് മിസോ നാഷണല്‍ ഫ്രണ്ട്.
2019 ലെ തെരഞ്ഞെടുപ്പില്‍ ബിജെപി വിജയിച്ചാല്‍ അടുത്ത 50 വര്‍ഷം ബിജെപി തന്നെ അധികാരത്തിലിരിക്കുമെന്ന അമിത് ഷായുടെ പ്രസ്താവനക്കെതിരെയായിരുന്നു എംഎന്‍എഫ് രംഗത്തെത്തിയത്.
ബിജെപിയുമായി ഒരു തരത്തിലുള്ള സഖ്യത്തിനും എംഎന്‍എഫ് തയ്യാറാകില്ലെന്നും ബിജെപിയുടെ ഹിന്ദുത്വ രാഷ്ട്രീയത്തിന് എതിരാണ് തങ്ങളെന്നും മുന്‍മുഖ്യമന്ത്രിയും എംഎന്‍എഫ് നേതാവുമായ സൊറാംതന്ഗ പറഞ്ഞു.
”അമിത് ഷാ ദൈവമല്ല പ്രവചനങ്ങള്‍ നടത്താന്‍. രാഷ്ട്രീയത്തില്‍ അദ്ദേഹത്തിന് ഒരു പ്രവചനവും നടത്താന്‍ പറ്റില്ല. അമിത് ഷായെന്നല്ല മോഡിക്ക് പോലും പറ്റില്ല. അടുത്ത 50 വര്‍ഷത്തേക്ക് ബിജെപി തന്നെ ഭരിക്കുമെന്നൊക്കെയുള്ളത് അദ്ദേഹത്തിന്റെ മനസിലുളള കാര്യമാണ്. അല്ലാതെ അതൊന്നും നടപ്പുള്ള കാര്യമല്ല. രാഷ്ട്രീയത്തില്‍ ആര്‍ക്കും ഒരു പ്രവചനവും നടത്താന്‍ സാധിക്കില്ല. -അദ്ദേഹം പറഞ്ഞു.
അതേസമയം 2019 ലെ തെരഞ്ഞെടുപ്പിന് പിന്നാലെ കോണ്‍ഗ്രസ് അധികാരത്തിലെത്തുമോ എന്ന ചോദ്യത്തിന് അതില്‍ തനിക്ക് വലിയ പ്രതീക്ഷയില്ലെന്നായിരുന്നു ഇദ്ദേഹത്തിന്റെ മറുപടി.
Discussion about this post