ശബരിമല; ശബരിമലയില്‍ മണ്ഡലകാല തീര്‍ത്ഥാടനം തുടങ്ങി ആദ്യ പത്ത് ദിവസത്തിനിടെ അപ്പം, അരവണ വില്‍പ്പനയിലൂടെ കിട്ടിയത് ആറ് കോടി മാത്രം. കഴിഞ്ഞ വര്‍ഷം പതിനെട്ട് കോടി കിട്ടിയിരുന്നിടത്താണ് വില്‍പ്പന മൂന്നിലൊന്നായി കുറഞ്ഞത്.
ശബരിമല വരുമാനത്തിന്റെ നാല്പത് ശതമാനത്തിലധികം നേടിയിരുന്നത് അപ്പം, അരവണ വില്‍പ്പനയിലൂടെയായിരുന്നു. തീര്‍ത്ഥാടകത്തിരക്ക് കുറഞ്ഞതോടെ വില്‍പ്പന ചുരുങ്ങി. പല കൗണ്ടറുകളിലും ജീവനക്കാര്‍ മാത്രം. അന്നദാന മണ്ഡപത്തിന് സമീപമുള്ള ആറ് പ്രസാദ വിതരണ കൗണ്ടറുകള്‍ ഇതുവരെ തുറന്നിട്ടില്ല. 2017ല്‍ അപ്പം അരവണ വില്‍പ്പനയിലൂടെ പതിനെട്ട് കോടിയാണ് ആദ്യ പത്ത് ദിവസത്തിനിടെ കിട്ടിയിരുന്നത്. ആറ് കോടിയായി ചുരുങ്ങിയത് പ്രതിസന്ധി കൂട്ടും.
ദര്‍ശനത്തിനെത്തുന്നവരില്‍ ഇതര സംസ്ഥാന തീര്‍ത്ഥാടകരാണ് കൂടുതലായി അപ്പം, അരവണ വാങ്ങി മലയിറങ്ങുന്നത്. മലയാളികള്‍ പലരും ഇത്തവണ പ്രസാദം വാങ്ങാന്‍ താല്പര്യപ്പെടുന്നില്ലെന്നും ദേവസ്വം ബോര്‍ഡ് വിലയിരുത്തുന്നു. കരുതല്‍ ശേഖരമുള്ളതിനാല്‍ മൂന്ന് ദിവസം മുന്‍പാണ് അപ്പം, അരവണ നിര്‍മാണം ഭാഗികമായി നിര്‍ത്തിയത്. തിരക്ക് കൂടിയില്ലെങ്കില്‍ ഉല്പാദനം തുടങ്ങാന്‍ വൈകും.
Discussion about this post