മലപ്പുറം: കണ്ണൂര്‍ പാനൂരില്‍ നിന്നും കാണാതായ വിദ്യാര്‍ത്ഥിനികളെ പോലീസ് കണ്ടെത്തി. മലപ്പുറം തിരൂരിലെ ലോഡ്ജില്‍ നിന്നാണ് കുട്ടികളെ കണ്ടെത്തിയത്. ലാബ് ടെക്നീഷ്യന് വിദ്യാര്‍ത്ഥികളായ സയനയെയും ദൃശ്യയെയും ഈ മാസം 19 മുതലാണ് കാണാതായിരുന്നത്. പെണ്‍കുട്ടികളെ ഉടന്‍ നാട്ടിലെത്തിക്കും.
ഒരുമിച്ചു വീടുവിട്ട ശേഷം തിരൂരിലെ ഒരു ലോഡ്ജില്‍ താമസിച്ചു വരികയായിരുന്നു ഇവര്‍. ലോഡ്ജിലെ ജീവനക്കാര്‍ ഇവരെ തിരിച്ചറിഞ്ഞതാണ് ഇരുവരെയും കണ്ടെത്താന്‍ സഹായകമായത്. നാടുവിട്ട അന്ന് നേരെ തിരൂരില്‍ എത്തി മുറിയെടുത്തു താമസിക്കുകയായിരുന്നു. മാധ്യമങ്ങളിലെ വാര്‍ത്തകള്‍ക്ക് പിന്നാലെ ആളുകള്‍ തിരിച്ചറിയുകയും, പോലീസ് തിരച്ചില്‍ ശക്തമാക്കുകയും ചെയ്തതോടെ ഈ മുറി ഉപേക്ഷിച്ചു ഇന്ന് രാവിലെ ഒരു ഹോംസ്റ്റേയിലേക്ക് മാറി.
ഇതിനോടകം ഇവിടെയെത്തിയ പാനൂര്‍ പോലീസ് ഇരുവരെയും കണ്ടെത്തി. അനുനയിപ്പിച്ചു വീട്ടിലേക്ക് കൊണ്ടുവരാന്‍ ശ്രമം തുടങ്ങി. മീത്തിലെ കുന്നോത്ത് പറമ്പ് സ്വദേശിയായ സയനയും സെന്‍ട്രല്‍ പൊയ്ലൂരിലെ ദൃശ്യയും പത്താം ക്ലാസ് മുതല്‍ ഉറ്റ സുഹൃത്തുക്കളാണ്.
ഇരുവരും നിലവില്‍ പാനൂരില്‍ ലാബ് ടെക്നീഷ്യന് കോഴ്സ് പഠിക്കുകയാണ്. തമ്മില്‍ പിരിഞ്ഞിരിക്കാനാവാത്ത വിധം ഉറ്റ സുഹൃത്തുക്കളായ ഇവര്‍ കൂട്ടത്തില്‍ ദൃശ്യയുടെ വിവാഹം തീരുമാനിച്ചതോടെയാണ് നാടുവിടാന്‍ തീരുമാനിച്ചത്. നിലവില്‍ വീട്ടിലേക്ക് തിരികെപ്പോകാന്‍ ഇരുവരും സന്നദ്ധത അറിയിച്ചിട്ടുണ്ട്. ഇതിനു ശേഷമാകും തുടര്‍ നടപടികള്‍.
ആറുദിവസം കഴിഞ്ഞിട്ടും കുട്ടികളെ കണ്ടെത്താന്‍ കഴിയാതിരുന്നത് വാര്‍ത്തയായിരുന്നു. കണ്ണൂര്‍ റെയില്‍വേ സ്റ്റേഷന് പരിസരത്ത് വെച്ചായിരുന്നു ഇരുവരുടെയും ഫോണ്‍ അവസാനമായി പ്രവര്‍ത്തിച്ചത്. പെണ്‍കുട്ടികളെ പലയിടത്തും കണ്ടതായി വീട്ടുകാര്‍ക്ക് വിവരം ലഭിച്ചിരുന്നു.
Discussion about this post