പച്ചക്കറികള്‍ നേരാം വണ്ണം സൂക്ഷിച്ചില്ലെങ്കില്‍ പെട്ടെന്ന് തന്നെ കേടായിപ്പോകും. ഇതില്‍ തന്നെ പച്ചമുളക്, ഇഞ്ചി, തക്കാളി, വെണ്ട ഇവയൊക്കെയാണ് എളുപ്പത്തില്‍ ചീത്തയായിപ്പോവുന്നത്. പലപ്പോഴും വില കുറച്ച് ലഭിച്ചാലും വലിയ അളവില്‍ ഇവയൊന്നും വാങ്ങാന്‍ നില്ക്കാത്തതിന്റെ പ്രധാന കാരണവും ഇതുതന്നെയാണ്. ഇഞ്ചിയുടെ കാര്യമാണെങ്കില്‍ രുചി മാത്രമല്ല, മണവും കറികള്‍ക്ക് പ്രധാനമാണ്. ചീഞ്ഞുപോകുന്നതിനെക്കാള് പ്രശ്നം ഇഞ്ചിയുടെ ഫ്രഷ്നെസ് നഷ്ടപ്പെടുന്നതാണ്. ഇഞ്ചിയുടെ ഫ്രഷ്നെസ്സ് പോവാതെ തന്നെ സൂക്ഷിക്കാന്‍ ചില വഴികളുണ്ട്. അവ ഇതാ…
നേര്‍ത്ത തൊലിയോടും എന്നാല്‍ ഉറച്ചിരിക്കുന്നതുമായ ഇഞ്ചിയാണ് വാങ്ങേണ്ടത്. തൂക്കത്തിന് അനുസരിച്ച് കനം തോന്നിക്കുകയും വേണം. തൊടുമ്പോള്‍ സോഫ്റ്റ് ആയതും കനം കുറഞ്ഞതുമായ ഇഞ്ചി വാങ്ങരുത്. ഇത് എളുപ്പത്തില്‍ കേടാകാന്‍ സാധ്യതയുണ്ട്. ഇഞ്ചി സൂക്ഷിക്കാന്‍ പേപ്പര്‍ കവറോ ചെറിയ തുണിക്കഷ്ണമോ ഉപയോഗിക്കുക. ഇവയിലേതിലെങ്കിലും പൊതിഞ്ഞ ശേഷം ഇഞ്ചി ഫ്രിഡ്ജില്‍ സൂക്ഷിക്കുക.
ഇഞ്ചി റീസീലബിള്‍ ബാഗില്‍ സൂക്ഷിക്കുന്നതും ഏറെ നാള് കേടാകാതിരിക്കാന്‍ സഹായിക്കും. വായു കേറാത്ത വണ്ണം റീസീലബിള്‍ ബാഗില്‍ ഇഞ്ചി വെച്ച ശേഷം ഫ്രിഡ്ജില്‍ സൂക്ഷിക്കുക. ഇത് ഇഞ്ചിയുടെ മണം പോകാതിരിക്കാന്‍ സഹായിക്കും.
ഇഞ്ചി തൊലി കളഞ്ഞ് ചെറുതായി മുറിച്ച്, അടപ്പ് മുറുക്കമുള്ള കണ്ടെയ്നറില്‍ ആക്കി ഫ്രിഡ്ജില്‍ സൂക്ഷിച്ചാല്‍ ഏറെ നാള് കേടു കൂടാതിരിക്കും. സാധാരണഗതിയില്‍ വലിയ ഹോട്ടലുകളിലെല്ലാം ഈ രീതിയിലാണ് ഇഞ്ചി സൂക്ഷിക്കാറുള്ളത്. ഇഞ്ചിയുടെ മണം പുതുമയോടെ സൂക്ഷിക്കാന്‍ ഇത് സഹായിക്കും.
Discussion about this post