പാരീസ്: ലോകത്തെ മികച്ച 50 ഫുട്ബോള്‍ താരങ്ങളുടെ പട്ടികയില്‍ അഞ്ചാമനായി ആരാധകരെ അമ്പരപ്പിച്ച് ലയണല്‍ മെസി. ഫുട്ബോള്‍ വാര്‍ത്താരംഗത്തെ പ്രമുഖ ഓണ്‍ലൈന്‍ മാധ്യമമായ ഗോള്‍ ഡോട്ട് കോമിന്റെ ഈ വര്‍ഷത്തെ മികച്ച 50 താരങ്ങളുടെ പട്ടികയിലാണ് മെസി അഞ്ചാമനായത്.
ക്രൊയേഷ്യയെ ലോകകപ്പ് ഫൈനല്‍ വരെ എത്തിച്ച റയല്‍ മാഡ്രിഡിന്റെ മധ്യനിര താരം ലൂക്കാ മോഡ്രിച്ചാണ് പട്ടികയില്‍ ഒന്നാമത്. പോര്‍ച്ചുഗലിന്റെ യുവന്റസ് താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ രണ്ടാമതും ഈജിപ്തിന്റെ ലിവര്‍പൂള്‍ താരം മുഹമ്മദ് സലാഹ് മൂന്നാമതുമെത്തി. ഫ്രാന്‍സിന്റെ കൗമാര സൂപ്പര്‍ താരം കെയ്ലന് എംബാപെയാണ് പട്ടികയില്‍ നാലാം സ്ഥാനത്ത്.
യൂറോപ്പിലെ അഞ്ച് പ്രമുഖ ലീഗുകളിലുള്ള താരങ്ങളാണ് പട്ടികയില്‍ ഇടം നേടിയിരിക്കുന്നത്. ലോകത്ത് ഏറ്റവും മികച്ച മത്സരങ്ങള്‍ നടക്കുന്നത് സ്പാനിഷ് ലീഗ്, പ്രീമിയര്‍ ലീഗ്, സിരി എ, ബുണ്ടസ് ലീഗ, ഫ്രഞ്ച് ലീഗ് എന്നീ ലീഗുകളിലാണെന്നാണ് വിദേശ മാധ്യമങ്ങളുടെ വിലയിരുത്തലുകള്‍. ഇതനുസരിച്ചാണ് ഈ ലീഗുകളില്‍ നിന്നുള്ള കളിക്കാരില്‍ നിന്ന് മികച്ച 50 താരങ്ങളെ ഗോള്‍ ഡോട്ട് കോം തിരഞ്ഞെടുത്തത്.
മെസിയുടെ പിന്നിലെ സ്ഥാനത്തേക്കാള്‍ ആരാധകരെ ഞെട്ടിച്ചത് ബാഴ്സ വിട്ട് പിഎസ്ജിയിലെത്തിയ നെയ്മറിന്റെ പട്ടികയിലെ സ്ഥാനമാണ്. ബ്രസീലിയന്‍ സൂപ്പര്‍ താരത്തിന് പട്ടികയില്‍ ആദ്യ 20ല്‍ പോലും സ്ഥാനം നേടാന്‍ സാധിച്ചിട്ടില്ല. 24ാം സ്ഥാനത്താണ് നെയ്മര്‍.
കെവിന് ഡിബ്രുയ്നെ (6), റാഫേല്‍ വരാന്‍ (7), ഹാരി കെയ്ന്‍ (8), അന്റോണിയോ ഗ്രീസ്മാന് (9), മാഴ്സെലോ (10), എന്‍ഗാലോ കാന്റെ (11), ഏഡന്‍ ഹസാര്‍ഡ് (12), പോള്‍ പോഗ്ബ (13), ടോണി ക്രൂസ് (14), ഡിയോഗോ ഗോഡിന് (15), സാമുവല്‍ ഉംറ്റിറ്റി (16), എഡിസണ് കവാനി (17), സാഡിയോ മനെ (18), ഇസ്ക്കോ (19), സെര്‍ജിയോ റാമോസ് (20) എന്നിവരാണ് പട്ടികയിലെ ആദ്യ 20ല്‍ ഉള്ളത്.
Discussion about this post