കോട്ടയം: മണിക്കൂറുകളോളം ജനങ്ങളെ ഭീതിയിലാക്കി വിരണ്ടോടിയ പോത്തിന്റെ കലിപ്പ് അടക്കിയത് പോലീസുകാരന്. മൂന്നു കിലോമീറ്ററോളം പോത്ത് ആളുകളെ വട്ടം കറക്കി. നാട്ടുകാര്‍ എത്ര ശ്രമിച്ചിട്ടും പോത്തിനെ കീഴടക്കാന്‍ കഴിഞ്ഞില്ല. തോറ്റു തൊപ്പിയിട്ട നാട്ടുകാര്‍ വിവരം കറുകച്ചാല്‍ പോലീസിനെ അറിയിച്ചു.
സൂത്രശാലിയായ പോലീസുകാരന് കൂത്രപ്പള്ളിയില്‍ നിന്ന് എരുമയെ കൊണ്ടുവന്ന്പോത്തിന്റെ മുന്നില്‍ നിര്‍ത്തി. ഇതോടെ പോത്ത് ഫ്ലാറ്റായി. പിന്നീടുള്ള ശ്രദ്ധ എരുമയില്‍ പെട്ടന്നറിഞ്ഞ തക്കത്തില്‍ പോത്തിന്റെ കഴുത്തില്‍ നാട്ടുകാരും പോലീസും ചേര്‍ന്ന് കുരുക്കിട്ടു. കഴിഞ്ഞ ദിവസം ഉച്ചയോടെ കറുകച്ചാല്‍ മല്ലപ്പള്ളി റോഡില്‍ കൊച്ചുപറമ്പിലാണ് സംഭവം.
റബര്‍ തോട്ടത്തില്‍ കെട്ടിയിരുന്ന പോത്താണ് വിരണ്ട് കയര്‍പൊട്ടിച്ച് ഓടിയത്. തുടര്‍ന്ന് കൊമ്പ് കുലുക്കി ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ഓട്ടം തുടങ്ങി. വഴിയില്‍ കണ്ടവരെ കൊമ്പുകുലുക്കിയും നാലുകാലില്‍ ചാടിയും ഭീഷണിപ്പെടുത്തിക്കൊണ്ടായിരുന്നു ഓട്ടം. പോത്തിന്റെ വരവ് കണ്ട് വാഹനങ്ങള്‍ റോഡ് വക്കിലേക്ക് ഒതുക്കി നിര്‍ത്തി. വീടിന്റെ മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടികളെ അമ്മമാര്‍ വീടിനുള്ളിലാക്കി കതകടച്ചു. ഇടയ്ക്ക് പുരയിടങ്ങളില്‍ കയറിയ പോത്ത് വാഴയും മറ്റും നശിപ്പിച്ചു. ഇതുകണ്ട് നാട്ടുകാര്‍ പോത്തിന് പിറകെയായി. ഇതിനിടെ പോത്തിന്റെ ആക്രമണത്തില്‍ ഒരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
Discussion about this post