വടക്കഞ്ചേരി: അരപ്പവന്‍ സ്വര്‍ണമിട്ട് കല്ല്യാണപെണ്ണാവണമെന്നേ സഫ്ന ആഗ്രഹിച്ചിരുന്നുള്ളൂ, എന്നാല്‍ മലയാളികളുടെ നന്മ മനസ്സ് അവള്‍ക്കായി കൈകോര്‍ത്തപ്പോള്‍ നിറഞ്ഞ മനസ്സോടെ സഫ്ന നാളെ പുതുജീവിതം തുടങ്ങും.
പാവങ്ങളുടെ ദൈവദൂതനായ ഫിറോസ് കുന്നംപറമ്പില്‍ കഴിഞ്ഞ ദിവസം പങ്കുവച്ച വീഡിയോയിലെ കല്ല്യാണ പെണ്ണാണ് സഫ്ന. വടക്കാഞ്ചേരി സ്വദേശികളായ ഷംസുദ്ദീന്റെയും മെഹറുണ്ണീസയുടെയും മകള്‍ സഫ്നയുടെ വിവാഹമാണ് സാമ്പത്തിക ബുദ്ധിമുട്ടുകള്‍ കൊണ്ട് പ്രതിസന്ധിയിലായത്.
മകളെ കൈപിടിച്ചുകൊടുക്കുമ്പോള്‍ അവള്‍ക്ക് ധരിക്കാന്‍ അരപ്പവന്‍ പോലും സ്വര്‍ണം നല്കാന് കുടുംബത്തിന് ശേഷിയില്ലെന്ന് ഫിറോസ് സോഷ്യല്‍ ലോകത്തോട് ഇന്നലെ പറഞ്ഞിരുന്നു. ആ വാക്കുകള്‍ക്ക് പിന്നാലെ സത്യം മനസിലാക്കുന്ന മലയാളി മണിക്കൂറുകള്‍ക്കുള്ളില്‍ അവള്‍ക്കായി നല്‍കിയത് അഞ്ചുപവന്‍ സ്വര്‍ണം.
ബംഗളൂരുവിലേക്കാണ് സഫ്നയെ വിവാഹം ചെയ്ത് അയക്കുന്നത്. എനിക്ക് അരപ്പവന്‍ സ്വര്‍ണം എങ്കിലും സംഘടിപ്പിച്ചു തരണം എന്ന് പെണ്‍കുട്ടി പള്ളിയിലെ ഉസ്താദിനോട് അപേക്ഷിച്ചിരുന്നു. ഉസ്താദ് ഈ വിവരം ഫിറോസിനോട് പങ്കുവച്ചതോടെയാണ് അവളുടെ സ്വപ്നം മലയാളിയുടെ സഹായത്തോടെ സഫലമാകുന്നത്.
Discussion about this post