ബംഗളൂരു: കര്‍ണാടകയില്‍ തെരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് പിന്നാലെ അഴിമതി ആരോപണങ്ങളും ബിജെപിയെ കുരുക്കുന്നു. ഇതിനിടെ കൈക്കൂലിക്കേസില്‍ ആരോപണവിധേയനായ ഖനി രാജാവും ബിജെപി മുന്‍ മന്ത്രിയുമായ ജി ജനാര്‍ദന്‍ റെഡ്ഡി ഒളിവില്‍ പോയി. റെഡ്ഡി ഒളിവിലാണെന്നും ചോദ്യം ചെയ്യാനായി റെഡ്ഡിയെ തിരയുകയാണെന്നും ബംഗളൂരു പോലീസ് കമ്മീഷണര്‍ ടി സുനില്‍ കുമാര്‍ അറിയിച്ചു.18 കോടിയുടെ കൈക്കൂലി കേസില്‍ സെന്‍ട്രല്‍ ക്രൈം ബ്രാഞ്ചാണ് അന്വേഷണം നടത്തുന്നത്.
യെദ്യൂരപ്പ സര്‍ക്കാരില്‍ മന്ത്രിയായിരുന്ന സമയത്താണ് സംഭവം. തട്ടിപ്പ് നടത്തിയ അംബിഡെന്റ് ഗ്രൂപ്പ് എന്ന കമ്പനിയുടെ ഉടമയ്ക്ക് ജാമ്യം ലഭിക്കുന്നതിന് 18 കോടി രൂപ കൈക്കൂലി വാങ്ങിയെന്നാണ് കേസ്. ജനാര്‍ദന്‍ റെഡ്ഡിയുടെ സഹായിക്ക് കൈക്കൂലി പണം കൈമാറിയതിന് പോലീസിന് തെളിവുകള്‍ ലഭിച്ചിരുന്നു.
നൂറു കണക്കിന് നിക്ഷേപകരെ കബളിപ്പിച്ച് 600 കോടിയോളം രൂപയുടെ തട്ടിപ്പ് നടത്തിയെന്നാണ് അംബിഡെന്റ് ഗ്രൂപ്പ് കമ്പനിയുടമ സയീദ് അഹ്മദ് ഫരീദിനെതിരെ യുണ്ടായിരുന്ന കേസ്.
കര്‍ണാടകയില്‍ ശക്തമായ രാഷ്ട്രീയ സ്വാധീനമുള്ള റെഡ്ഡിയുടെ പേരില്‍ നിരവധി അഴിമതി കേസുകള്‍ നിലവിലുണ്ട്. എന്നാല്‍ റെഡ്ഡി സഹോദരന്മാര്ക്ക് വ്യക്തമായ സ്വാധീനമുണ്ടായിരുന്ന ബെല്ലാരി ലോക്സഭാ മണ്ഡലത്തിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ ബിജെപിക്ക് കനത്ത പരാജയം ഏറ്റുവാങ്ങേണ്ടി വന്നിരുന്നു. ഇതിന് പിന്നാലെയാണ് കുരിക്ക് മുറുക്കി അന്വേഷണം ശക്തമായിരിക്കുന്നത്.
Discussion about this post