നെയ്യാറ്റിന്‍കര: ഒരാളുടെ ജീവന് നഷ്ടപ്പെടാനുണ്ടായ സംഭവം സര്‍ക്കാര്‍ ഗൗരവമായാണ് കാണുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഡിവൈഎസ്പി ഉള്‍പ്പെട്ട കേസായതുകൊണ്ട് കേസ് എസ്പി അന്വേഷിക്കുമെന്ന് വിശദമാക്കിയ അദ്ദേഹം ഡിവൈഎസ്പിയെ സസ്പെന്‍ഡ് ചെയ്തതായും അറിയിച്ചു.
നെയ്യാറ്റിന്‍കര കാവുവിള സ്വദേശി സനല്‍(32) ആണ് വണ്ടിമാറ്റുന്നതുമായി ബന്ധപ്പെട്ട് ഡിവൈഎസ്പി ഹരികുമാറുമായുണ്ടായ തര്ക്കത്തിനിടെയിലുളള അപകടത്തില്‍ മരണപ്പെട്ടത്. ഇന്നലെ രാത്രി പതിനൊന്ന് മണിയോടെയായിരുന്നു സംഭവം.
നെയ്യാറ്റിന്‍കര കൂടങ്ങാവിളക്ക് സമീപം ഡിവൈഎസ്പി എത്തിയ സ്വകാര്യ വാഹനത്തിനു സമീപത്തായി സനലിന്റെ വാഹനം നിര്‍ത്തിയിട്ടതുമായുള്ള തര്‍ക്കമാണ് വാക്കേറ്റത്തിലും തുടര്‍ന്ന് കയ്യാങ്കളിയിലും കലാശിച്ചത്. ഇതിനിടയില്‍ റോഡിലേക്ക് തെറിച്ചുവീണ സനലിനെ ശരീരത്തില്‍കൂടി അതുവഴി കടന്നുപോയ കാര്‍ കയറിയിറങ്ങുകയായിരുന്നു.
അതേസമയം ഡിവൈഎസ്പി സനലിനെ മര്‍ദ്ദിച്ച് കാറിന് മുന്നിലേക്ക് എറിയുകയായിരുന്നെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. അപകടം നടന്ന് കുറച്ച് നേരത്തേക്ക് യുവാവിന് ജീവനുണ്ടായിരുന്നതായും പറയപ്പെടുന്നു.
നെയ്യാറ്റിന്‍കര എസ്ഐയും സംഘവും എത്തിയാണ് യുവാവിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. ആദ്യം സ്വകാര്യ ആശുപത്രിയിലും പിന്നീട് മെഡിക്കല്‍ കോളേജിലേക്കും യുവാവിനെ കൊണ്ടുപോയെങ്കിലും ജീവന് രക്ഷിക്കാനായില്ല.
Discussion about this post